തിരുവനന്തപുരം: വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കെഎസ്ഇബി ജീവനക്കാരുടെ സംഘടനയായ വർക്കേഴ്സ് അസോസിയേഷൻ. ഏകപക്ഷീയമായ സസ്പെൻഷൻ ഉത്തരവ് പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കത്തിക്കൊണ്ടിരുന്ന എബി സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി അപകടം ഒഴിവാക്കാനാണ് സബ് എൻജിനീയർ ശ്രമിച്ചതെന്ന് അസോസിയേഷൻ വ്യക്തമാക്കി. വൈദ്യുതി മന്ത്രി കണ്ണൂരിൽ പങ്കെടുക്കുന്ന പരിപാടിയുടെ വിവരം ബന്ധപ്പെട്ട ഓഫീസിൽ ലഭിച്ചിരുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
അപകടസാധ്യത മുന്നിൽ നിൽക്കുമ്പോൾ അറ്റകുറ്റപ്പണി നടത്താതെ അപകടം സംഭവിക്കാൻ കാത്തിരിക്കുകയായിരുന്നോ വേണ്ടിയിരുന്നതെന്ന ചോദ്യവും സംഘടന ഉയർത്തി. സുരക്ഷ ഉറപ്പാക്കാനുള്ള ഉദ്യോഗസ്ഥന്റെ ശ്രമത്തെ ശിക്ഷാനടപടിക്ക് കാരണമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വർക്കേഴ്സ് അസോസിയേഷൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെയാണ് പവർകട്ട് ഉണ്ടായത്. മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നാലെ കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ സതീഷ് ബാബുവിനെ യാണ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് കണ്ണൂർ എംഎൽഎ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു
വസ്തുതകൾ പരിശോധിക്കാതെ ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി. സസ്പെൻഷൻ നടപടി പുനഃപരിശോധിച്ച് പിൻവലിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.















