പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാനദിയിലും സ്നാനഘട്ടങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി. നദിയിലോ തീരങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളും വ്യക്തിഗത വസ്തുക്കളും ഉപേക്ഷിക്കുന്നവരിൽ നിന്നും 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കും. നിരോധനാജ്ഞ പുറപ്പെടുവിച്ച് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കരയാണ് ഉത്തരവിറക്കിയത്. നവംബർ 22 മുതൽ രണ്ട് മാസത്തേക്കാണ് നിരോധനം.
പമ്പയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവ ഉപേക്ഷിക്കാനോ നിക്ഷേപിക്കാനോ പാടില്ല. നദിയിലും തീരങ്ങളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക്, ഖരമാലിന്യങ്ങൾ, ജൈവമാലിന്യങ്ങൾ എന്നിവ തള്ളുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് നടപടി. ഉത്തരവ് ലംഘിച്ച് നദി മലിനമാക്കുന്നവരിൽ നിന്നും മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്നും 5,000 രൂപ വരെ പിഴ ഈടാക്കും. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പമ്പ, നിലയ്‌ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സാണ് പമ്പാനദി. നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
നിരോധനാജ്ഞ കർശനമായി നടപ്പാക്കുന്നതിനും നദീതീരങ്ങളിലും സ്നാനഘട്ടങ്ങളിലും പരിശോധന നടത്തി നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നതിനും പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പൊലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ അധികാരപ്പെടുത്തി.
ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തും. തുക പൂർണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണം, മാലിന്യസംസ്കരണം, നദീശുദ്ധീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
തീർത്ഥാടനകാലത്ത് പമ്പാനദിയുടെ ശുചിത്വവും ജലസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ. തീർത്ഥാടകർ നിരോധനാജ്ഞ പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.















