ഹൈദരാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായി ഹൈദരാബാദിലും സ്ഫോടനങ്ങൾ നടത്തുമെന്ന് ഭീഷണി. നവംബർ 26ന് നഗരത്തിൽ രണ്ട് ബോംബ് സ്ഫോടനങ്ങൾ നടത്തുമെന്നാണ് ഇ-മെയിൽ സന്ദേശത്തിലുള്ളത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ (LeT) പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെ നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കി പോലീസ്.
കാച്ചിഗുഡയിലെ ഹോട്ടൽ ടൂറിസ്റ്റ് പ്ലാസ, കാച്ചിഗുഡ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സ്ഫോടനം നടത്തുമെന്ന് സന്ദേശത്തിൽ പറയുന്നത്. ആക്രമണത്തിൽ മുന്നൂറോളം പേർ കൊല്ലപ്പെടുമെന്നും ഇ-മെയിലിൽ ഭീഷണിയുണ്ട്. ജമ്മു കശ്മീരിൽ ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ചതിന് പ്രതികാരമായാണ് ആക്രമണം നടത്തുന്നതെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നു.
ലഷ്കർ-ഇ-ത്വയ്ബയുടെ പേരിൽ ഭീഷണി സന്ദേശം
ഹൈദരാബാദ് സ്പെഷ്യൽ ബ്രാഞ്ചിലെ ജോയിന്റ് പോലീസ് കമ്മീഷണർക്ക് ലഭിച്ച റിപ്പോർട്ടിലാണ് ഭീഷണി ഇ-മെയിലിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് സന്ദേശം അയച്ചതെന്നാണ് പ്രാഥമിക വിവരം.
റെയിൽവേ സ്റ്റേഷനിലും ഹോട്ടലിലും സുരക്ഷ ശക്തം
ഭീഷണി ലഭിച്ചതിനു പിന്നാലെ പരാമർശിക്കപ്പെട്ട ഹോട്ടലിലും റെയിൽവേ സ്റ്റേഷനിലും പോലീസ് സുരക്ഷ വർധിപ്പിച്ചു. നഗരത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ ഉറവിടവും വിശ്വാസ്യതയും കണ്ടെത്താനുള്ള പരിശോധനകളും ആരംഭിച്ചു.
തിരക്കേറിയ സ്ഥലങ്ങളിൽ പരിശോധന കർശനമാക്കാൻ നിർദേശം
തിരക്കേറിയ സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നിർദേശം നൽകി. സംശയാസ്പദമായ വ്യക്തികൾ, ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന ബാഗുകൾ, വാഹനങ്ങൾ, അസാധാരണ നീക്കങ്ങൾ എന്നിവ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പോലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം മറ്റ് സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായ നവംബർ 26 പരാമർശിച്ചുള്ള ഭീഷണിയായതിനാൽ പ്രത്യേക ജാഗ്രതയിലാണ് സുരക്ഷാ വിഭാഗങ്ങൾ. ഇ-മെയിലിന്റെ ആധികാരികതയും ഭീഷണിക്ക് പിന്നിലുള്ളവരെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.















