തിരുച്ചെന്തൂർ: ക്ഷേത്രത്തിലെ ആത്മീയ പരിപാടികളിലും ഭക്തിസംഗീത സദസ്സുകളിലും വ്യക്തികളെ പുകഴ്ത്തുന്ന സ്തുതിഗീതങ്ങളും ആത്മീയതയുമായി ബന്ധമില്ലാത്ത മുദ്രാവാക്യങ്ങളും ഒഴിവാക്കണമെന്ന് തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രഭരണസമിതിയുടെ നിർദേശം. ഇനി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ദൈവസ്തുതികളും ഭക്തിഗാനങ്ങളും മാത്രമേ അവതരിപ്പിക്കാവൂ എന്നും കലാകാരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കന്ദഷഷ്ഠി ഉത്സവത്തിലെ പ്രധാന ചടങ്ങായ ശൂരസംഹാരത്തിനിടെയുണ്ടായ വിവാദമാണ് പുതിയ നിർദേശത്തിന് പിന്നിൽ. ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്തിസംഗീത പരിപാടിയിൽ പങ്കെടുത്ത ഗായകർ മുഖ്യമന്ത്രി ജോസഫ് വിജയ് യെയും ഹിന്ദു മത-ധർമ്മകാര്യ വകുപ്പ് മന്ത്രിയെയും പ്രകീർത്തിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയത് വിവാദമായിരുന്നു. സംഭവത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും ഹിന്ദു സംഘടനകളും രംഗത്തെത്തുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ക്ഷേത്രഭരണസമിതി വിശദീകരണവുമായി രംഗത്തെത്തിയത്. ശൂരസംഹാര ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്തിസംഗീത പരിപാടിയിൽ ഗായകർ ഉയർത്തിയ ചില മുദ്രാവാക്യങ്ങൾ പൊതുസമൂഹത്തിൽ വിമർശനങ്ങൾക്ക് ഇടയാക്കുകയും ക്ഷേത്രത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും ചെയ്തതായി ഭരണസമിതി വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പുതിയ നിർദേശം. ക്ഷേത്രം സംഘടിപ്പിക്കുന്ന ആത്മീയ പരിപാടികളിലും ഭക്തിസംഗീത സദസ്സുകളിലും പങ്കെടുക്കുന്ന കലാകാരന്മാർ ദൈവഭക്തിയുമായി ബന്ധപ്പെട്ട വചനങ്ങളും ഗാനങ്ങളും മാത്രമേ അവതരിപ്പിക്കാവൂ. ആത്മീയതയുമായി ബന്ധമില്ലാത്ത മുദ്രാവാക്യങ്ങളും വ്യക്തികളെ പുകഴ്ത്തുന്ന സ്തുതിഗീതങ്ങളും നിർബന്ധമായും ഒഴിവാക്കണമെന്നും ക്ഷേത്രഭരണസമിതി അറിയിച്ചു.















