തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നവംബർ 26ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും നവംബർ 27ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പ്രത്യേക മുൻകരുതൽ സ്വീകരിക്കണം. തീരദേശങ്ങളിലും പുഴകളുടെയും മറ്റ് ജലാശയങ്ങളുടെയും തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ല. അതിനാൽ മഴയോ ഇടിമിന്നലോ നേരിട്ട് അനുഭവപ്പെടുന്നതുവരെ കാത്തുനിൽക്കാതെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം.
ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലങ്ങളിലും ഉയരമുള്ള മരങ്ങൾക്കു താഴെയും നിൽക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ അഭയം തേടുകയും വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തിൽ ജാഗ്രത പാലിക്കുകയും വേണം. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിക്കുന്നു.














