പത്തനംതിട്ട: ശബരിമലയിൽ മരിക്കുന്ന തീർത്ഥാടകരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹൈന്ദവ സംഘടനകൾ. നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തീർത്ഥാടകർക്ക് വലിയ തുക ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ട്. സമാനമായ സംവിധാനം പത്തനംതിട്ടയിലും നടപ്പാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ശബരിമലയിൽ മരിക്കുന്ന തീർത്ഥാടകരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാറില്ലെന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് എത്തിക്കുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
പമ്പയിൽ നിന്ന് മൃതദേഹങ്ങൾ കാലതാമസമില്ലാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കണം. നിലവിൽ തീർത്ഥാടകർ മരിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് മൃതദേഹങ്ങൾ ആശുപത്രിയിലെത്തിക്കുന്നത്. ഈ കാലതാമസം മൃതദേഹങ്ങൾ കേടാകുന്നതിനും പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.














