കൊച്ചി: അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സഹയാത്രികനെ ആക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ യൂസഫിനെ ആക്രമിച്ചെന്ന കേസില്‍ വൈറ്റില സ്വദേശി റോഷന്‍ മാര്‍ട്ടിനെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ 6E1404 വിമാനത്തിലായിരുന്നു സംഭവം. യാത്രയ്‌ക്കിടെ റോഷന്‍ യൂസഫിന്റെ മുഖത്തിടിച്ച് കണ്ണിന് സമീപം പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ യൂസഫിന്റെ കണ്ണട തകരുകയും വലതുകണ്ണിന് സമീപം പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ സ്വന്തം ബെല്‍റ്റ് ഊരിയെടുത്ത് യൂസഫിന്റെ കഴുത്തില്‍ മുറുക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
വിമാനത്തിലെ 30D സീറ്റിലായിരുന്നു റോഷന്‍ മാര്‍ട്ടിന്‍ ഇരുന്നത്. യൂസഫ് തൊട്ടുപിന്നിലെ 31B സീറ്റിലുമായിരുന്നു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 115(2), 118(1) വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മനഃപൂര്‍വം പരിക്കേല്‍പ്പിക്കുന്നതിനും അപകടകരമായ ആയുധങ്ങളോ മാര്‍ഗങ്ങളോ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുന്നതിനുമുള്ള വകുപ്പുകളാണിവ. പരാതിക്കാരന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.















