ദുബായ്: റാസൽഖൈമയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരാണ് മരിച്ചത്.
ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നനേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.
റാസൽഖൈമയിലുണ്ടായ ബസ്–ട്രക്ക് കൂട്ടിയിടിയിൽ 13 പേരാണ് മരിച്ചത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനും കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂർ ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്.















