പട്ന: ഛഠ് പൂജയോടനുബന്ധിച്ച് ബിഹാറി സ്ത്രീകള്‍ നെറുകയില്‍ നീളത്തില്‍ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേപിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ യഷ് മഹേശ്വരിക്കെതിരെ പ്രതിഷേധം ശക്തം. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പട്ന സൈബര്‍ പൊലീസ് കേസെടുത്തതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രതിഷേധം കടുത്തതോടെ യഷ് പരസ്യമായി മാപ്പുപറഞ്ഞെങ്കിലും ജനരോഷത്തിന് ശമനമായിട്ടില്ല. നവംബര്‍ 21ന് സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ബിഹാറി സ്ത്രീകളുടെ സിന്ദൂരധാരണത്തെ യഷ് പരിഹസിച്ചത്. ഛഠ് പൂജയുടെ ഭാഗമായി മൂക്കിന്തുമ്പില്നിന്ന് നെറുകവരെ ഓറഞ്ച് നിറത്തിലുള്ള സിന്ദൂരം അണിയുന്ന ആചാരത്തെ പുരുഷ ലൈംഗികാവയവത്തോടാണ് ഇയാള്‍ ഉപമിച്ചത്. സിന്ദൂരം അണിഞ്ഞ സ്ത്രീകളെ ഹനുമാനോടും താരതമ്യം ചെയ്തു.
ദൈവത്തെപ്പോലെ വേഷംകെട്ടി ഇത്തരം സ്ത്രീകള്‍ തന്റെ വീടിന് ചുറ്റും നടക്കുന്നത് എന്തിനാണെന്നും പരിഹാസരൂപേണ ചോദിച്ചു. മറ്റൊരു വീഡിയോയിലും ബിഹാറി സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ യഷ് നടത്തിയിരുന്നു. ബിഹാറി സ്ത്രീകള്‍ക്ക് മര്‍ദനമേല്‍ക്കാനാണ് താല്പര്യമെന്നും ഹരിയാനയിലെ പുരുഷന്മാര്ക്ക് സ്ത്രീകളെ തല്ലാനാണ് ഇഷ്ടമെന്നും പറഞ്ഞ ഇയാള്‍, ബിഹാറി സ്ത്രീകളെ ഹരിയാനക്കാരായ പുരുഷന്മാര്ക്ക് വിവാഹം കഴിച്ചുനല്കണമെന്നുമാണ് പരിഹസിച്ചത്. നേരത്തെ നടന്ന സ്റ്റാന്‍ഡ് അപ് പരിപാടിയിലെ ദൃശ്യങ്ങളാണ് യഷ് പിന്നീട് യൂട്യൂബില്‍ പങ്കുവെച്ചത്. പരിപാടിക്കിടെ ചിലര്‍ ചിരിക്കുകയും കൈയടിക്കുകയും ചെയ്തെങ്കിലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു.
ബിഹാറിലെ സ്ത്രീകളെയും അവരുടെ സംസ്കാരത്തെയും മതപരമായ ആചാരങ്ങളെയും അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി രാഷ്ട്രീയ നേതാക്കളും അഭിഭാഷകരും പൊതുജനങ്ങളും രംഗത്തെത്തി. ബിഹാറിലെ എല്ലാ ജില്ലകളിലും യഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബിജെപി നേതാവ് ഋതു ജയ്സ്വാള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ പട്ന സൈബര്‍ പൊലീസ് സ്റ്റേഷനില്‍ യഷ് മഹേശ്വരിക്കെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 75(1), 79, 351, 352 വകുപ്പുകള്‍ക്ക് പുറമെ ഐടി ആക്ടിലെ 66C, 66D വകുപ്പുകളും ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ഇത്തരം അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ഇടയാക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പട്ന പൊലീസ് അറിയിച്ചു. അതേസമയം, പ്രതിഷേധം കനത്തതോടെ ചൊവ്വാഴ്ച വൈകുന്നേരം യൂട്യൂബ് ചാനലിലൂടെ യഷ് ക്ഷമാപണ വീഡിയോ പുറത്തുവിട്ടു. ഒരു മതവിശ്വാസത്തെയോ ഉത്സവത്തെയോ ആരുടെയെങ്കിലും വികാരങ്ങളെയോ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇയാളുടെ വിശദീകരണം. തന്റെ പരാമര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് തെറ്റായ രീതിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നതായും വീഡിയോയില്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പുനല്‍കി.
എന്നാല്‍, മതപരമായ ആചാരങ്ങളെയും സ്ത്രീകളെയും പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ ക്ഷമാപണം മാത്രം മതിയാകില്ലെന്നും നിയമനടപടി വേണമെന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാര്‍.















