മധുര: തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിഷയത്തിൽ തമിഴ്‌നാട്ടിലെ ജോസഫ് വിജയ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മധുരയിലെ മദ്രാസ് ഹൈക്കോടതി ബെഞ്ചിന് മുന്നിൽ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തി. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിർദേശങ്ങൾ പാലിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കോടതി ഉത്തരവ് പാലിക്കാൻ സർക്കാർ തന്നെ തയ്യാറായില്ലെങ്കിൽ സാധാരണ ജനങ്ങൾ എങ്ങനെ കോടതിയെ മാനിക്കുമെന്ന് അഭിഭാഷകർ ചോദിച്ചു.
ഇതിനിടെ, ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാരിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജിയും സമർപ്പിച്ചു. അഭിഭാഷകനായ വി. രാമസുബ്ബുവാണ് ഹർജി നൽകിയത്. മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണ, പോലീസ് കമ്മീഷണർ എസ്. രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് ഹർജി.
നവംബർ 20ലെ സുപ്രീംകോടതി ഉത്തരവ് മനഃപൂർവം ലംഘിച്ചെന്നാണ് ഹർജിയിൽ വ്യക്തമാക്കി. നവംബർ 24ന് തിരുപ്പറംകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാനായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ ദീപത്തൂണിൽ ദീപം തെളിയിക്കാതെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പരമ്പരാഗത ദീപമണ്ഡപത്തിലാണ് ദീപം തെളിയിച്ചത്.
അതേസമയം, ദീപത്തൂണിൽ ദീപം തെളിയിക്കാനാകാത്തതുമായി ബന്ധപ്പെട്ട് മധുര ജില്ലാ കളക്ടർ സുപ്രീംകോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. ദീപം തെളിയിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നുവെന്നും എന്നാൽ ഒഴിവാക്കാനാവത്ത സാഹചര്യം മൂലം ദീപം കൊളുത്തിയില്ലെന്ന വിചിത്രമായ വാദമാണ് കളക്ടർ കോടതിയിൽ ഉയർത്തിയത്. ദീപത്തൂണിൽ ദീപം തെളിയിക്കാനാകാത്തതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വിഷയത്തിൽ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തെ പരിഗണിച്ചിരുന്നില്ല. പകരം ബന്ധപ്പെട്ടവർക്ക് കോടതിയലക്ഷ്യ ഹർജി സമർപ്പിക്കാമെന്നും ഹർജി പരിശോധിച്ചശേഷം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.















