ന്യൂഡൽഹി: തിരുപ്പറൻകുണ്ഡ്രം ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത ജോസഫ് വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി സുധാൻഷു ത്രിവേദി. ഭരണഘടന ഉയർത്തിപ്പിടിച്ച് നടക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ വിഷയത്തിൽ എന്താണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ത്രിവേദി.
ഇൻഡി സഖ്യത്തിന്റെ ഭാഗമായ ടിവികെ സർക്കാർ ഭരണഘടനയോടുള്ള വലിയ അവഹേളനമാണ് നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാർത്തിക പൗർണമിയോടനുബന്ധിച്ച് ഒരു ദിവസം മാത്രം കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവ് മാനിക്കാനോ നടപ്പാക്കാനോ സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എപ്പോഴും ഭരണഘടനാ പുസ്തകം കൈയിൽ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് എംപി രാഹുൽ, സുപ്രീംകോടതി ഉത്തരവ് പാലിക്കാത്ത വിഷയത്തിൽ എന്താണ് പറയുന്നതെന്നും ത്രിവേദി ചോദിച്ചു.
കാഞ്ചി ജയേന്ദ്ര സരസ്വതി ശങ്കരാചാര്യരെ അറസ്റ്റ് ചെയ്ത സംഭവത്തേക്കാൾ തന്നെ രോഷാകുലനാക്കിയത് മറ്റൊന്നുമില്ലെന്ന് മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നും ത്രിവേദി ചൂണ്ടിക്കാട്ടി. റമദാൻ കാലത്ത് ഒരു മുസ്ലിം മതപണ്ഡിതനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ധൈര്യപ്പെടുമോയെന്നും പ്രണബ് മുഖർജി ചോദിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സനാതന ധർമത്തെ ഇല്ലാതാക്കണമെന്ന ഇൻഡി സഖ്യത്തിന്റെ ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ് കോടതിയോടുള്ള ഈ അവഹേളനമെന്നും ആഗോളതലത്തിൽ ഹിന്ദുത്വത്തെ തകർക്കാനുള്ള നീക്കങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നും സുധാൻഷു ത്രിവേദി ചൂണ്ടിക്കാട്ടി.















