ഇന്ത്യയുടെ പ്രതിരോധ കരുത്തിന്റെ പ്രധാന അടയാളമായി മാറിയ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന് ഇനി പുതിയ മുഖം. ഓപ്പറേഷൻ സിന്ദൂറിൽ യഥാർഥ യുദ്ധസാഹചര്യത്തിൽ കരുത്ത് തെളിയിച്ച ബ്രഹ്മോസിന്റെ അടുത്ത തലമുറ പതിപ്പായ ബ്രഹ്മോസ്-NG വികസിപ്പിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. നിലവിലെ മിസൈലിനേക്കാൾ ഭാരം 60 ശതമാനത്തോളം കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, പ്രഹരശേഷിയിൽ കുറവുണ്ടാകില്ലെന്നും ബ്രഹ്മോസ് മേധാവി വ്യക്തമാക്കി. ബ്രഹ്മോസ് പദ്ധതിയുടെ ഡയറക്ടർ ജനറൽ ഡോ. ജയ്‌തേരത് പ്രത്യേക അഭിമുഖത്തിലാണ് നിർണായക വിവരങ്ങൾ പങ്കുവച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ മിസൈൽ നടത്തിയ ആക്രമണങ്ങൾ അതിന്റെ കൃത്യതയും പ്രഹരശേഷിയും തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വേഗത, കൃത്യത, പ്രഹരശേഷി എന്നിവയുടെ സംയോജനം ബ്രഹ്മോസിനെ ഇന്ത്യൻ സൈന്യത്തിന്റെ നിർണായക ആയുധമാക്കി മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരീക്ഷണശാലകളിലെ മികവിനപ്പുറം യഥാർഥ യുദ്ധസാഹചര്യത്തിൽ ബ്രഹ്മോസിന്റെ ശേഷി ലോകത്തിന് ബോധ്യപ്പെട്ടത് ഓപ്പറേഷൻ സിന്ദൂറിലൂടെയാണെന്നാണ് ജോഷിയുടെ വിലയിരുത്തൽ. പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നു
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ബ്രഹ്മോസ് ഉപയോഗിച്ചതെന്ന് ജോഷി വെളിപ്പെടുത്തി. ആക്രമണത്തിനിടെ വിന്യസിച്ച ഒരു ബ്രഹ്മോസ് മിസൈലിനെപ്പോലും പാക് വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കണ്ടെത്താനായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളിൽ ഘടിപ്പിച്ചാണ് ബ്രഹ്മോസിന്റെ എയർ ലോഞ്ച്ഡ് പതിപ്പും ആക്രമണത്തിൽ ഉപയോഗിച്ചത്. യുദ്ധവിമാനത്തിന്റെ ദൂരപരിധിയും ബ്രഹ്മോസിന്റെ കൃത്യമായ ആക്രമണശേഷിയും ഒന്നിച്ചപ്പോൾ സൈന്യത്തിന് വലിയ നേട്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
ബ്രഹ്മോസ് പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമാണ് അടുത്ത തലമുറ മിസൈലായ ബ്രഹ്മോസ്-NG. നിലവിലെ മിസൈലിന്റെ വലിപ്പവും ഭാരവും കുറച്ച് കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് വികസിപ്പിക്കുന്നത്. നിലവിലെ ബ്രഹ്മോസിനേക്കാൾ ഏകദേശം 60 ശതമാനം ഭാരം കുറവായിരിക്കും പുതിയ മിസൈലിനെന്നാണ് ജോഷി വ്യക്തമാക്കിയത്. അതേസമയം, മിസൈലിന്റെ മാരകമായ പ്രഹരശേഷിയിൽ കുറവുണ്ടാകില്ല. അത്യാധുനിക കോമ്പോസിറ്റ് സാങ്കേതികവിദ്യകളും പുതിയ രൂപകൽപ്പനയും ഇതിന്റെ പ്രത്യേകതകളായിരിക്കും. നിലവിൽ വികസനത്തിന്റെ രൂപകൽപ്പന, വിശകലന ഘട്ടങ്ങളിലാണ് പദ്ധതി. സാങ്കേതികവിദ്യകളും മിസൈലിന്റെ ഘടനയും സംബന്ധിച്ച പഠനങ്ങൾ ശാസ്ത്രജ്ഞരും എൻജിനീയർമാരും തുടരുകയാണ്.
പുതിയ പതിപ്പിന്റെ ഭാരം കുറയുന്നതോടെ യുദ്ധവിമാനങ്ങളിൽ കൂടുതൽ മിസൈലുകൾ ഘടിപ്പിക്കാനാകും. നിലവിൽ സുഖോയ്-30 എംകെഐ വിമാനത്തിന്റെ അടിഭാഗത്താണ് ബ്രഹ്മോസ് ഘടിപ്പിക്കുന്നത്. എന്നാൽ ബ്രഹ്മോസ്-NG വിമാനങ്ങളുടെ ചിറകുകളിലും ഘടിപ്പിക്കാനാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്യുന്നത്. ഒരു യുദ്ധവിമാനത്തിൽ രണ്ടുമുതൽ നാലുവരെ ബ്രഹ്മോസ്-NG മിസൈലുകൾ വഹിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഒറ്റ ദൗത്യത്തിൽ കൂടുതൽ ലക്ഷ്യങ്ങളിലേക്ക് കൃത്യമായ ആക്രമണം നടത്താനുള്ള വ്യോമസേനയുടെ ശേഷി വർധിക്കും.
ബ്രഹ്മോസിന്റെ പ്രഹരദൂരപരിധി വർധിപ്പിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. ആദ്യകാല ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 290 കിലോമീറ്ററായിരുന്നു. ഇതിലും ഏറെ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള പുതിയ പതിപ്പാണ് വികസിപ്പിക്കുന്നത്. 1,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബ്രഹ്മോസ് വികസിപ്പിക്കുമെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ജോഷി തയ്യാറായില്ല. 1,200 കിലോമീറ്ററായിരിക്കുമോ 1,500 കിലോമീറ്ററായിരിക്കുമോ എന്നത് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദൂരപരിധി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പദ്ധതിയുടെ വിശദമായ രൂപരേഖ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും വികസനം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങൾക്കും ഉപയോഗിക്കാനാകുന്ന രീതിയിലാണ് ബ്രഹ്മോസ് വികസിപ്പിച്ചിരിക്കുന്നത്. കരയിൽനിന്നും യുദ്ധക്കപ്പലുകളിൽനിന്നും യുദ്ധവിമാനങ്ങളിൽനിന്നും മിസൈൽ വിക്ഷേപിക്കാനാകും. അന്തർവാഹിനികളിൽനിന്നുള്ള വിക്ഷേപണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും നടന്നിട്ടുണ്ടെന്ന് ജോഷി അഭിമുഖത്തിൽ സൂചിപ്പിച്ചു.
കരസേനയ്‌ക്കും നാവികസേനയ്‌ക്കും ആവശ്യാനുസരണം അനുയോജ്യമായ മിസൈൽ സംവിധാനങ്ങൾ ഉപയോഗിക്കാനാകുന്ന രീതിയിൽ വിപുലമായ സംവിധാനമാണ് ലക്ഷ്യമിടുന്നത്. വ്യോമസേനയ്‌ക്കായി ഭാരം കുറഞ്ഞ പ്രത്യേക പതിപ്പും വികസിപ്പിക്കുന്നു. മൂന്ന് സേനാവിഭാഗങ്ങളെയും ഏകോപിപ്പിച്ചുള്ള ആക്രമണങ്ങൾക്കും നെറ്റ്‌വർക്ക് അധിഷ്ഠിത യുദ്ധമുറകൾക്കും ഈ സംവിധാനം കൂടുതൽ കരുത്തുപകരുമെന്നാണ് പ്രതീക്ഷ.















