ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം കാശ്മീരിലെ ചരിത്രപ്രസിദ്ധമായ ദുർഗേശ്വരി ക്ഷേത്രം വിശ്വാസികൾക്കായി വീണ്ടും തുറന്നു. ശ്രീനഗറിലെ ഫത്തേ കദൽ മേഖലയിലുള്ള 700 വർഷത്തോളം പഴക്കമുള്ള ശ്രീ ദുർഗേശ്വരി പാഠശാല ക്ഷേത്രമാണ് 37 വർഷത്തിന് ശേഷം വീണ്ടും തുറന്നത്. കാർത്തിക പൂർണിമ ദിനത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി.
താഴ്‌വരയിൽ തീവ്രവാദം ശക്തമായതിനെത്തുടർന്ന് 1989 മുതൽ ക്ഷേത്രം അടഞ്ഞുകിടക്കുകയായിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് പിന്നാലെ ക്ഷേത്രത്തിലെ ആരാധനകളും നിലച്ചിരുന്നു. ശുചീകരണവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയ ശേഷമാണ് ക്ഷേത്രം വീണ്ടും തുറന്നത്.

ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ അക്ഷയ് ലബ്രൂ, സീനിയർ പോലീസ് സൂപ്രണ്ട് ജി.വി. സന്ദീപ് ചക്രവർത്തി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പുനർതുറക്കൽ ചടങ്ങിൽ പങ്കെടുത്തു. കശ്മീരി പണ്ഡിറ്റുകൾക്കൊപ്പം പ്രദേശത്തെ മുസ്ലിം സമുദായാംഗങ്ങളും ചടങ്ങിൽ പങ്കുചേർന്നു.

പ്രാദേശിക കശ്മീരി പണ്ഡിറ്റായ ശശി ടിക്കൂവിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം സാധ്യമായത്. പതിറ്റാണ്ടുകൾക്ക് ശേഷം ക്ഷേത്രത്തിൽ വീണ്ടും പൂജകൾ ആരംഭിച്ചത് കശ്മീരിന്റെ പൈതൃക സംരക്ഷണത്തിന്റെയും ശ്രദ്ധേയമായ അടയാളമായി മാറുകയാണ്.















