ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളിലും സൈനിക ആവശ്യങ്ങള്‍ക്കും ദേശീയപാതകള്‍ ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ പരീക്ഷണം. ഗുജറാത്തിലെ അമൃത്സര്‍-ജാംനഗര്‍ സാമ്പത്തിക ഇടനാഴിയിലെ ദേശീയപാതയില്‍ നാല് മൈക്രോലൈറ്റ് വിമാനങ്ങള്‍ വിജയകരമായി പറന്നിറങ്ങുകയും വീണ്ടും പറന്നുയരുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ ‘ടീം മൗണ്ടന്‍ ഈഗിള്‍സ്’ ആണ് ‘വിങ്‌സ് ഓഫ് വാലര്‍ ആന്‍ഡ് യൂണിറ്റി എക്‌സ്‌പെഡിഷന്റെ’ ഭാഗമായി നിര്‍ണായക പ്രകടനം നടത്തിയത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് വ്യാഴാഴ്ച ഈ വിവരം പങ്കുവച്ചത്. ദേശീയപാത 754Aയിലെ 946 മുതല്‍ 949 വരെ കിലോമീറ്റര്‍ ഭാഗത്തായിരുന്നു സൈനിക വിമാനങ്ങളുടെ ലാന്‍ഡിങ്ങും ടേക്ക് ഓഫും. സൈന്യവും ദേശീയപാത അതോറിറ്റിയും സംയുക്തമായി നടത്തിയ നീക്കം രാജ്യത്തിന്റെ റോഡ് അടിസ്ഥാനസൗകര്യങ്ങള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താനാകുമെന്നതിന്റെ തെളിവായി.
സാധാരണ ലാന്‍ഡിങ് പരീക്ഷണത്തിനപ്പുറം കൃത്യമായ ആസൂത്രണത്തോടെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. രണ്ട് ഫിക്‌സഡ് വിങ് മൈക്രോലൈറ്റ് വിമാനങ്ങളും രണ്ട് ഫ്‌ലെക്‌സിബിള്‍ വിങ് പവര്‍ഡ് ഹാങ് ഗ്ലൈഡറുകളുമാണ് സംഘത്തിലുണ്ടായിരുന്നത്. നിശ്ചയിച്ച സ്ഥലത്ത് കൃത്യമായി പറന്നിറങ്ങിയ വിമാനങ്ങളില്‍ റോഡില്‍വെച്ച് തന്നെ ഇന്ധനം നിറയ്‌ക്കുകയും ചെയ്തു. എക്‌സ്-എയര്‍ ‘ഹനുമാന്‍’, സവന്ന എംഎക്‌സ്പി 740 എന്നീ മൈക്രോലൈറ്റ് വിമാനങ്ങളും ടനാര്‍ഗ് ബയോണിക്‌സ്, ന്യൂവിക്‌സ് സ്‌കിപ്പര്‍ എന്നീ പവര്‍ഡ് ഹാങ് ഗ്ലൈഡറുകളുമാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. തിരഞ്ഞെടുത്ത ദേശീയപാതാ ഭാഗങ്ങള്‍ ചെറുവിമാനങ്ങള്‍ക്ക് ബദല്‍ ലാന്‍ഡിങ് കേന്ദ്രങ്ങളായി ഉപയോഗിക്കാനുള്ള സാധ്യതയും ഇതിലൂടെ വിലയിരുത്തി. ദേശീയപാത അതോറിറ്റി, ഇന്ത്യന്‍ സൈന്യം, സംസ്ഥാന പൊലീസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ ഏകോപനത്തോടെയായിരുന്നു പ്രവര്‍ത്തനം.
വിമാനങ്ങള്‍ ഇറങ്ങുന്നതിന് മുമ്പ് റോഡിന്റെ പ്രതലവും വീതിയും ഘടനയും സുരക്ഷാ സാഹചര്യങ്ങളും എന്‍എച്ച്എഐയുടെ സാങ്കേതിക വിഭാഗം പരിശോധിച്ചു. പരീക്ഷണത്തിനായി ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിടുകയും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. സൈന്യത്തിന്റെ ഗ്രൗണ്ട് സപ്പോര്‍ട്ട് സംഘം മൊബൈല്‍ സംവിധാനത്തിലൂടെ വിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കുകയും തുടര്‍പറക്കലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പരീക്ഷണം കഴിഞ്ഞതോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാതകള്‍ യാത്രയ്‌ക്കും ചരക്കുനീക്കത്തിനും മാത്രമുള്ളതാകരുതെന്നും രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യവും എന്‍എച്ച്എഐയും തമ്മിലുള്ള മികച്ച ഏകോപനത്തിന്റെ ഉദാഹരണമാണ് ഈ പരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികമായി അനുയോജ്യമായ ദേശീയപാതാ ഭാഗങ്ങള്‍ വ്യോമസാഹസിക വിനോദങ്ങള്‍ക്കും ടൂറിസത്തിനും മറ്റ് പ്രത്യേക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനവും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം മൗണ്ടന്‍ ഈഗിള്‍സ്, എന്‍എച്ച്എഐ, മറ്റ് ഏജന്‍സികള്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം പ്രതിരോധ സജ്ജീകരണങ്ങള്‍ക്കും അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന ആധുനിക ദേശീയപാതാ ശൃംഖല വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.















