ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ അനുനയിപ്പിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ഷെരീഫ് അദ്ദേഹത്തെ പാകിസ്ഥാന് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. പാക് സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപ് ക്യാമ്പും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ പാകിസ്ഥാന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത് പങ്കും വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചതായി പാക് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബൃഹത്തായ അവസരങ്ങള്‍ ഉളള രാജ്യമാണ് പാകിസ്ഥാനെന്നും അവിടുത്തെ ജനങ്ങള്‍ നല്ലവരാണെന്നും ട്രംപ് അഭിപ്രായപ്പെട്ടതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഷെരീഫുമായുളള സംഭാഷണം ക്രിയാത്മകമായിരുന്നുവെന്നും ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചതായും ട്രംപ് ക്യാമ്പ് അറിയിച്ചു. ഷെരീഫുമായി നല്ല വ്യക്തബന്ധത്തിനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് അറിയിച്ചതായി അവര്‍ വ്യക്തമാക്കി.
പ്രചാരണ വേളയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ട്രംപ് പാകിസ്ഥാന് അപകടകരമായ രാജ്യമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പാകിസ്ഥാന് അന്താരാഷ്ട്ര പിന്തുണ തേടുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ നിലപാടും നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് ട്രംപിനെ അനുനയിപ്പിക്കാന്‍ ഷെരീഫ് നേരിട്ട് രംഗത്തിറങ്ങിയതെന്നാണ് പാകിസ്ഥാനിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.