ആസേതു ഹിമാചലം താമര

ലോകത്ത് ഏറ്റവും അധികം അംഗങ്ങളുളള രാഷ്ട്രീയ പാർട്ടിയായി അറിയപ്പെടുന്ന ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വിജയങ്ങളാണ് എത്തിപ്പിടിച്ചിരിക്കുന്നത്. രാജ്യ ഭരണത്തിനൊപ്പം, 15 സംസ്ഥാനങ്ങളുടെ അധികാരവും കൈയ്യാളുന്നത് ബിജെപിയുടെ നേതൃത്വത്തുളള ദേശീയ ജനാധിപത്യ സഖ്യമാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, നേട്ടങ്ങളുടെ കൊടുമുടിയിലാണ് ഭാരതീയ ജനതാ പാർട്ടി. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും കൂടി താമര വിരിഞ്ഞതോടെ, ഇന്ത്യയിൽ ബിജെപി ഒറ്റയ്‍ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പത്താകും. മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് ഭരണം നടത്തുന്ന ബിജെപിയാണ് സഖ്യത്തിലെ വലിയ കക്ഷി.

ഇതുകൂടാതെ, ജമ്മുകശ്മീർ ഉൾപ്പടെ 4 സംസ്ഥാനങ്ങളിൽ പാർട്ടി അധികാരം പങ്കിടുന്നുണ്ട്. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത മണിപ്പൂരിലും ഗോവയിലും സർക്കാർ രൂപീകരിക്കാൻ ഇപ്പോഴും സാധ്യത നിലനിൽക്കുന്നു. കർണാടകയും ബീഹാറും, ബംഗാളും ഒഴികെയുളള വലിയ സംസ്ഥാനങ്ങളുടെയെല്ലാം ഭരണചക്രം ബിജെപിയുടെ നിയന്ത്രണത്തിലാണ്.

നിലവിൽ ഭാരതത്തിലെ 130 കോടി ജനങ്ങളിൽ, 75 കോടിയലധികം പേർ അധിവസിക്കുന്നത്
എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നത് പാർട്ടിയുടെയും മുന്നണിയുടേയും കരുത്ത് വിളിച്ചോതുന്നു. ഇത് രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് വരും.

നരേന്ദ്ര മോദിയുടെ ഭരണത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യക്തമായ സ്വാധീനം ഉറപ്പിച്ച ബിജെപി അസമിലും, അരുണാചലിലും ഒറ്റയ്‍ക്കും, സിക്കിം, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളിൽ സഖ്യകകക്ഷികൾപ്പൊപ്പവും അധികാരത്തിലുണ്ട്.

ഉത്തർപ്രദേശിലെ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെയുളള വിജയം രാജ്യസഭയിലും മേൽക്കൈ ഉറപ്പിക്കാൻ ബിജെപിക്ക് സഹായകരമാകും.

Close