തിരുവനന്തപുരം: കലയുടെ ഏഴുനാളുകള്‍ക്ക് ഇന്ന് തിരിതെളിയും. രാവിലെ ഒന്‍പതരയ്‌ക്ക് പുത്തരിക്കണ്ടം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ പതാക ഉയര്‍ത്തുന്നതോടെ 56-) മത് സ്കൂള്‍ കലോത്സവത്തിനു ഇന്നു ശുഭാരംഭം കുറിയ്‌ക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു പാളയം സംസ്‌കൃതകോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. തെയ്യം, തിറ, പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയ്‌ക്ക് മോടികൂട്ടും. നഗരത്തിലെ സ്കൂളുകളില്‍ നിന്നും ആറായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്തെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോത്സവം ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.കെ അബ്‌ദുറബ്ബ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മത്സരങ്ങളുടെ ഉദ്‌ഘാടനം സ്‌പീക്കര്‍ എന്‍. ശക്‌തന്‍ നിര്‍വഹിക്കും.
ഇരുപതു വേദികളില്‍ 232 ഇനങ്ങളില്‍ 12,000 കലാപ്രതിഭകളാണ് ഇത്തവണ വേദികള്‍ പങ്കിടുന്നത്‍. ഉദ്‌ഘാടനശേഷം മുഖ്യവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം ആരംഭിക്കും. ആദ്യ ദിവസമായ ഇന്ന് 13 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. 25 ന് കലോത്സവത്തിനു കൊടിയിറങ്ങും.