ന്യൂഡല്‍ഹി: മലയാളിയും ബോളിവുഡ് താരവുമായ അസിന് വിവാഹിതയായി. മൈക്രോമാക്സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയാണ് വരന്. ഹിന്ദു, ക്രിസ്ത്യന്‍ ആചാരങ്ങളോടെയായിരുന്നു വിവാഹം.
ന്യൂഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഈ മാസം 23 ന് സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ റിസപ്ഷന് ഒരുക്കും.
വിവാഹത്തില്‍ അക്ഷയ് കുമാര്‍ അടക്കമുളള ചുരുക്കം ചിലര്‍ മാത്രമാണ് ബോളിവുഡില്‍ നിന്നും പങ്കെടുത്തത്. രാവിലെ കാത്തലിക് ആചാരപ്രകാരമുളള വിവാഹച്ചടങ്ങിന് ശേഷമായിരുന്നു വൈകുന്നേരത്തോടെ ഹൈന്ദവ ആചാരപ്രകാരം ഇരുവരും വിവാഹച്ചടങ്ങുകള്‍ നടത്തിയത്. വെള്ള വെരാ വാങ് ഗൗണ്‍ ആയിരുന്നു ക്രിസ്തീയ വിവാഹത്തിന് അസിന്റെ വേഷം. ലെഹംഗയായിരുന്നു ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ സമയത്ത് ധരിച്ചത്.
രാവിലെ വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ഹോട്ടലിലെ ചൈനീസ് റെസ്റ്റോറന്റില്‍ നിന്നും വെജിറ്റേറിയന്‍ ഭക്ഷണവും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. വൈകിട്ട് 6.30 ന് ആരംഭിച്ച ചടങ്ങുകള്‍ 8.30 വരെ നീണ്ടു നിന്നു. ചടങ്ങില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നു.