Columns

കാരക്കാടൻ വിനീഷിനെ മഴയത്ത്  നിർത്തിയിരിക്കുന്നതെന്താണ് ?

പാകിസ്ഥാന്റെ ആദ്യ നിയമമന്ത്രി ഒരു ഇന്ത്യക്കാരൻ ആയിരുന്നെന്ന വിവരം ഒരു പക്ഷെ ചിലർക്കെങ്കിലും പുതിയ അറിവായിരിക്കും  . മുഹമ്മദലി ജിന്നയുടെ വാക്ക് വിശ്വസിച്ച് മുസ്ലിം – ദളിത് ഭായി ഭായി എന്ന മന്ത്രം ചൊല്ലി ഇന്ത്യ വിട്ട ജോഗേന്ദ്ര നാഥ് മണ്ഡൽ എന്ന ജെ എൻ മണ്ഡലായിരുന്നു പാകിസ്ഥാനിലെ ആദ്യ നിയമമന്ത്രി .

കാലമേറെക്കഴിയുന്നതിനു മുൻപ് കിഴക്കൻ പാകിസ്ഥാനിലെ ഹിന്ദു പട്ടിക ജാതി പട്ടിക വർഗ്ഗങ്ങളെ മുസ്ലിം മതമൗലിക വാദികൾ വേട്ടയാടി തുടങ്ങിയതോടെ ജെ എൻ മണ്ഡൽ മന്ത്രി സ്ഥാനം രാജിവച്ച് ഭാരതത്തിലേക്ക് തന്നെ തിരിച്ചു പോന്നു .1950 ഒക്ടോബർ 8 ന് പാക് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന് ജെ എൻ മണ്ഡൽ എഴുതിയ ആ രാജിക്കത്ത് മതമൗലികവാദികളുടെ ദളിത് പ്രേമ അജണ്ടയുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണ് .മണ്ഡലിന്റെ രാജിക്കത്ത് സന്ദർഭവശാൽ സൂചിപ്പിച്ചെന്ന് മാത്രം . യഥാർത്ഥ വിഷയം അതല്ല . കണ്ണൂരിലെ വളപട്ടണത്ത്  കാരക്കാടൻ വിനീഷ് എന്ന ദളിത് യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ഇന്ന് അഞ്ചു വർഷം തികയുകയാണ്. ജോലിസംബന്ധമായി വളപട്ടണത്തെ ഒരു ലോഡ്ജിലായിരുന്നു  വിനീഷിന്റെ താമസം . 2010 ഏപ്രിൽ 17 ന്   വിനീഷിന്റെ മുറിയിലെത്തിയ കൊലപാതകികൾ  അയാളെ ബ്ലേഡ് പോലെയുള്ള ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ശരീരമാസകലും മുറിവേൽപ്പിച്ചു . മണിക്കൂറുകൾ നീണ്ട പീഡനത്തിനു ശേഷം  ജീവനോടെ ഒരു കാവി മുണ്ടിൽ കെട്ടിത്തൂക്കിയെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്

പട്ടിക ജന സമാജം നടത്തിയ സമരത്തിനു ശേഷം വിനീഷിന്റെ മരണത്തിനു കാരണക്കാരായ പ്രതികളെ പോലീസ് പിടികൂടി .പക്ഷേ  കേസെടുത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണെന്ന് മാത്രം . പോലീസ് കസ്റ്റഡിയിലെടുത്ത എൻ ഡി എഫുകാരായ പ്രതികളെ ഇറക്കാൻ സി പി എമ്മിന്റെ  എം എൽ എ സ്റ്റേഷനിലെത്തിയതോടെ വിനീഷിന്റെ കേസ് തെളിയാൻ പോകുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉറപ്പിക്കുകയും ചെയ്തു.

ഒടുവിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ വിനീഷിന്റെ കുടുംബം സന്ദർശിച്ച് സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു . വിനീഷ് മരിച്ചു കിടക്കുന്ന ഫോട്ടോയും മറ്റ് വിവരങ്ങളും നേരിട്ട് കണ്ടറിഞ്ഞ വി എസ് കേസന്വേഷണം ഡി വൈ എസ് പി ഷൗക്കത്തലിയെ ഏൽപ്പിച്ചു . വിനീഷിന്റെ മരണം കൊലപാതകമാണെന്ന് അന്വേഷണത്തിൽ ഏകദേശം തെളിയുന്ന അവസ്ഥയിലെത്തിയപ്പോൾ കേസ് ഷൗക്കത്തലിയുടെ കയ്യിൽ നിന്നും മാറ്റാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി . കേസിന്റെ അവസ്ഥ വീണ്ടും പഴയ പടിയായി .

കേസിൽ പ്രതികളായ  13 എൻഡി എഫുകാരും വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവരാണ് . വിനീഷിനെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചു എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ് . കൃത്യത്തിനു ശേഷം ഗൾഫിലേക്ക് കടന്ന ഒരു പ്രതി അറസ്റ്റിലായത് ഈ വർഷം ഫെബ്രുവരിയിലാണ് . ആത്മഹത്യ പ്രേരണ കേസായതു കൊണ്ട് ഉടൻ തന്നെ ജാമ്യവും ലഭിച്ചു . താലിബാൻ മോഡലിൽ വിനീഷിനെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ . പോലീസന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല താനും

ദളിത് ഉദ്ധാരണത്തിനു വേണ്ടി നിലകൊള്ളുകയാണെന്നുറച്ച് പ്രഖ്യാപിക്കുന്ന ചില പത്രങ്ങൾ പക്ഷേ വിനീഷ് വധത്തെ പൂർണമായും അവഗണിച്ചു കളഞ്ഞു . കേരളം പോലെ പ്രബുദ്ധമെന്നവകാശപ്പെടുന്ന   സംസ്ഥാനത്ത് ഒരു പട്ടികജാതിക്കാരന്റെ കൊലപാതകം വലിയ വാർത്തയാകാഞ്ഞതിന്റെ കാരണമെന്താണ് ? . സ്ഥാനത്തും അസ്ഥാനത്തും ദളിത് എന്ന വാക്കുപയോഗിച്ച് സവർണ അവർണ വേർതിരിവുകൾ കൂടുതൽ ശക്തമാക്കാൻ യത്നിക്കുന്ന പോപ്പുലർ ഫ്രണ്ട് , ജമാ അതെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങളും മാധ്യമം , തേജസ് പോലുള്ള പ്രസിദ്ധീകരണങ്ങളും വിനീഷിനെ പൂർണമായും മറന്നു കളഞ്ഞതെന്തു കൊണ്ടാണ് ?

മറ്റൊരു ശ്രദ്ധേയമായ കാര്യം ദളിത് വിഷയങ്ങളിൽ ഇടപെടുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും വിനീഷിനെ സൗകര്യപൂർവ്വം മറന്നു കളഞ്ഞു എന്നതാണ് . തിരുവനന്തപുരത്ത് ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് വിലക്കിയ ഒരു ബുദ്ധി ജീവിയെ പഴയ മുത്തങ്ങ സമരത്തിന്റെ നായകൻ കൈകാര്യം ചെയ്യുന്നത് വരെ കാര്യങ്ങളെത്തി . മതമൗലികവാദികളുടെ ചില്ലറത്തുട്ടുകളുടെ കിലുക്കവും അവരുടെ പത്രങ്ങളിൽ മക്കൾക്കുള്ള  ജോലിയും കാരണം മറ്റ് ചിലരും പ്രതിഷേധത്തിൽ നിന്നൊഴിവായി.

വിനീഷിന്റെ കുടുംബവും ഇന്ന് നിരാശരാണ് . പ്രക്ഷോഭങ്ങൾ തുടരാൻ അവർ ഭയക്കുന്നു. പ്രതിഷേധിക്കാൻ നിന്നവരിൽ പലരും ഇതേ അവസ്ഥയിൽ തന്നെയാണ് . എന്തിനും ഏതിനും ദളിത് സ്വത്വമെടുത്തുപയോഗിക്കുന്ന പോപ്പുലർ ഫ്രണ്ടും  ജമ അതെ ഇസ്ലാമിയും അവരുടെ പ്രസിദ്ധീകരണങ്ങളായ തേജസും മാധ്യമവുമെല്ലാം കാരക്കാടൻ വിനീഷിനെ ഇപ്പോഴും മഴയത്ത് തന്നെ നിർത്തിയിരിക്കുകയാണ് . മുസ്ലിം  ഉമ്മത്തിന്റെ കാര്യം വരുമ്പോൾ ഹിന്ദു ദളിതന്റെ വിഷയത്തിന് വലിയ സ്കോപ്പൊന്നും നൽകാൻ അവർ തയ്യാറല്ലെന്ന് ചുരുക്കം

കാസർഗോട്ടെ യൂത്ത് കോൺഗ്രസ് നേതാവ് ബാലകൃഷ്ണനും കണ്ണൂർ തയ്യിലിലെ വിനോദും ഉൾപ്പെടെയുള്ളവരുടെ വിധിയാണ് വിനീഷിനും ലഭിച്ചത് . എന്നാൽ കേരളത്തിൽ   ഒളിഞ്ഞും തെളിഞ്ഞും  മതതീവ്രവാദ സംഘടനകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് ആശങ്കയുളവാക്കുന്ന കാര്യം . അഥവാ ചർച്ച ചെയ്യപ്പെട്ടാലും അതിനെ പ്രതിരോധിക്കാൻ സംഘപരിവാർ ഫാസിസമെന്ന ക്ലീഷേയുമായി പാർട്ടി ഭേദമെന്യേ എല്ലാവരുമെത്തുകയും ചെയ്യും .

പാകിസ്ഥാനിൽ ഇന്നേറെ ആക്രമണം നേരിടുന്നത് അവിടുത്ത പട്ടിക ജാതി പട്ടിക വർഗ്ഗ ഹിന്ദുക്കളാണ് .സ്വമതത്തിന്റെ കാര്യം വരുമ്പോൾ ദളിത് സ്വത്വമൊന്നുമില്ല  കാഫിറെന്ന സ്വത്വം മാത്രമാണുള്ളതെന്ന പച്ചയായ യാഥാർത്ഥ്യം പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു  . ഇത് പക്ഷേ മതമൗലികവാദ തിണ്ണയിൽ സൗകര്യ പൂർവ്വം കയറിക്കൂടിയ ഇവിടുത്തെ ചിലർ  മനസ്സിലാക്കുന്നില്ലെന്ന് മാത്രം

ഇസ്ലാമിക തീവ്രവാദികളുടെ ദളിത് ഉദ്ധാരണത്തിനും ദളിത് സ്നേഹത്തിനും പിന്നിലുള്ള മത അജണ്ടകൾ പുതിയതല്ലെന്ന് മനസ്സിലാക്കാൻ ജോഗേന്ദ്ര നാഥ് മണ്ഡലിന്റെ ഉദാഹരണം മാത്രം മതി . പോപ്പുലർ ഫ്രണ്ടും  ജമാ അതെ ഇസ്ലാമിയുമൊക്കെ നടപ്പിലാക്കുന്നതും അത് തന്നെയാണ് . അതിനു വേണ്ടിയുള്ള സംവിധാനങ്ങൾ മാത്രമാണ് പുതിയത് .

ആത്യന്തികമായി ഈ മതവർഗീയത ലക്ഷ്യമിടുന്നത് രാഷ്ട്രത്തിന്റെ വിഘടനം തന്നെയാണ് . രാജ്യത്തെ മാവോയിസ്റ്റുകൾക്കും ഖാലിസ്ഥാൻ വാദികൾക്കും ഉൾഫയ്ക്കുമൊക്കെ പിന്തുണ നൽകുന്ന അതേ മതമൗലിക വാദ തത്വശാസ്ത്രം  തന്നെയാണ് കേരളത്തിലെ കപട ദളിത് ഉദ്ധാരണ അജണ്ടയ്ക്ക് പിന്നിലുമുള്ളത് . അതിന്റെ  പൊള്ളത്തരം തുറന്നു കാട്ടുന്ന സംഭവങ്ങളിൽ ഒന്ന് മാത്രമാണ് വിനീഷിന്റെ കൊലപാതകം .

മതതീവ്രവാദികളുടെ നാണയത്തുട്ടുകളിൽ കിടന്നുറങ്ങുന്ന അഭിനവ ദളിത് സംരക്ഷകർ കരുതിയിരിക്കുക . നാളെ താലിബാൻ രീതികൾ ചിലപ്പോൾ നിങ്ങളുടെ മേലും പരീക്ഷിക്കപ്പെട്ടേക്കാം  .

(വായുജിത് )

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close