NewsIndiaSpecial

ഈ ദർപ്പണം ഇനി ഓർമ്മച്ചുവരിൽ

ഗാന്ധിനഗർ :  വിഖ്യാത നർത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം . 97 വയസ്സായിരുന്നു .ഭരതനാട്യമുൾപ്പടെയുള്ള ശാസ്ത്രീയ നൃത്തരൂപങ്ങൾക്ക് ലോകമെമ്പാടും ആദരവ് നേടിക്കൊടുത്ത കലാകാരിയാണ് മൃണാളിനി.

ഇന്ത്യൻ ശാസ്ത്രീയ നൃത്ത കലയെ ലോകത്തിന് പരിചയപ്പെടുത്തിയ പ്രതിഭ. നൃത്തം ഈശ്വരനും മനുഷ്യനും തമ്മിലുള്ള കൂടിച്ചേരലാണെന്ന് ഉറച്ചു വിശ്വസിച്ച കലാകാരി. ഈശ്വരന് തുല്യമായി നൃത്തത്തെ ഉപാസിച്ച കലാകാരിയെയാണ് മൃണാളിനിയുടെ അന്ത്യത്തോടെ നഷ്ടമായത്. ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള അനുഷ്ഠാന കലാരൂപമായ ഭരത നാട്യത്തെ സുക്ഷ്മതയോടു കൂടി രൂപപ്പെടുത്തുകയും നിരന്തരമായ പരിശ്രമവും ശ്രദ്ധാപൂർവമായ പഠനവും കൊണ്ട് പാകമാക്കുകയും ചെയ്യണമെന്ന് പറഞ്ഞ കലാകാരിയാണ് മൃണാളിനി സാരാഭായ് .

തന്‍റെ ജീവിതം മുഴുവൻ ആ കലാരൂപത്തിലെ ഭാരത പാരമ്പര്യത്തിന്‍റെ അന്തസത്ത ചോർന്നു പോകാതെ അവയെ തലമുറകളിലേക്ക് പകർന്നു കൊടുക്കാനായിരുന്നു അവർ ജീവിതകാലം മുഴുവൻ യത്നിച്ചത് . ഇതെല്ലാം പ്രാവർത്തികമാക്കാനാണ് അവർ ദർപ്പണ എന്നപേരിൽ ഒരു കലാകേന്ദ്രം തന്നെ ആരംഭിച്ചത് . വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ദർപ്പണയിൽ നിന്ന് കലർപ്പില്ലാതെ നൃത്തം പഠിച്ചത് . ഭരത നാട്യത്തിൽ മാത്രമായിരുന്നില്ല ആ നൃത്തസപര്യ . കുച്ചിപ്പുടിയിലും കഥക്കിലും മോഹിനിയാട്ടത്തിലും മണിപ്പൂരിയിലും നാടോടി നൃത്തത്തിലും അഗാധമായ നൃത്തപാണ്ഡിത്യം മൃണാളിനി സാരാഭായിക്ക് ഉണ്ടായിരുന്നു .

മൃണാളിനി സാരാഭായ് എന്ന നൃത്ത വിദുഷിയെ ഓർക്കുമ്പോൾ ആ ജീവിത മുഹൂർത്തങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്ന ചിത്രങ്ങൾ അമ്പരിപ്പിക്കുന്നതാണ്. ഭാരതവുമായി അത്രയും കെട്ടു പിണഞ്ഞു കിടക്കുന്നുണ്ട് ആ ജിവിതം.പാലക്കാട് ആനക്കര തറവാട്ടിലെ സാമൂഹ്യ പ്രവർത്തകയായ അമ്മു സ്വാമി നാഥന്‍റെയും ഡോ. സ്വാമി നാഥന്‍റെയും മകളായി ജനനം .

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ വീരനായികയും  ഐ എൻ എ  പോരാളിയുമായിരുന്ന ക്യാപ്‍റ്റൻ ലക്ഷ്മിയുടെ സഹോദരി . ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ പ്രിയ പത്നി . പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയുടെ അമ്മ . ദർപ്പണ എന്ന അന്താരാഷ്ട്ര വിഖ്യാതമായ കലാകേന്ദ്രത്തിന്‍റെ സൃഷ്ടാവ് . പത്മശ്രീയും പത്മഭൂഷണും ഉൾപ്പടെയുള്ള പുസ്കാരങ്ങളാൽ സമ്മാനിത . ഗവേഷണ വി ദ്യാർത്ഥികളുടെ പ്രിയ പുസ്തകമായ ഭരത നാട്യത്തെ കണ്ടെത്തലിന്‍റെ രചയിതാവ് . എഴുത്തുകാരി , നൃത്തസംവിധായക , സംഘാടക .പറഞ്ഞു തീർക്കാൻ കഴിയാത്തവിധം പടർന്നു പന്തലിച്ചു നിൽക്കുന്നു ആ ജീവിതം.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close