NewsIndiaSpecial

അനശ്വരനായ സുഭാഷ്

” ഒറ്റനോട്ടത്തിൽ ഭാരതം ഭൂമിശാസ്ത്രപരമായും വംശീയമായും ചരിത്രപരമായും ഒരു സീമാതീതമായ വിചിത്രരാഷ്ട്രമായിത്തോന്നാം .പക്ഷേ ഈവൈചിത്ര്യത്തിന്റെ സങ്കീർണ്ണതയ്ക്കടിയിൽ ഒരു മൌലിക ഏകതയുണ്ട് . ഭൂമിശാസ്ത്രപരമായ വ്യത്യസ്തതയിലും , രാഷ്ട്രീയാധിപത്യം കൊണ്ടുണ്ടായിട്ടുള്ള അനൈക്യത്തിലുമൊക്കെ പ്രബലമായി വർത്തിക്കുന്നതാണ് ആഴത്തിലുള്ള ആ മാനവ ഏകത. ഭാഷ , വർണ്ണം , ജാതി ,പ്രദേശം , ആചാരരീതി , സമ്പ്രദായങ്ങൾ ഇവയുടെ വ്യത്യസ്തതകൾ എല്ലാമുണ്ടെങ്കിലും ശക്തമായ ഏകത സർവ്വത്ര വ്യാപിച്ചു നിൽക്കുന്നു. ദാരിദ്ര്യവും തകർച്ചയും എല്ലാമുണ്ടെങ്കിലും ഭാരതമിന്നും ജീവിക്കുന്നു. .

ഭാരതം ജീവിച്ചിരിക്കുന്നത് അതിന്റെ ആത്മാവ് അനശ്വരവും അമരവും ആണെന്നതുകൊണ്ടാണ്.

ഭൂമിശാസ്ത്രപരമായി നോക്കിയാൽ മറ്റുവിഭാഗങ്ങളിൽ നിന്നും സ്വതന്ത്രമായി നിൽക്കുന്ന ഒരു സ്വയം സമ്പൂർണ്ണ സത്തയാണ് ഭാരതം . വടക്ക് അതിർത്തി കാത്തു നിൽക്കുന്ന ഉന്നതഹിമാലയവും , മറ്റു മൂന്നു ഭാഗത്തുമായി വിശാല സമുദ്രവും ചുറ്റി നിൽക്കുന്ന – അങ്ങനെയുള്ള ഭാരതവർഷം ഭൂമിശാസ്ത്രപരമായി അത്യന്തം സവിശേഷ വ്യക്തിത്ത്വത്തോടെ നിലകൊള്ളുന്നു .ഭാരതത്തിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും വംശീയവൈവിദ്ധ്യം അവൾക്കൊരു സമസ്യയേ ആയിരുന്നില്ല . വ്യത്യസ്ത വർഗ്ഗങ്ങളെ സ്വാംശീകരിക്കുവാനും, ഒരു പൊതുസംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റേയും ഭാഗമാക്കുവാനും അവൾക്കു സാധിച്ചു.

ഏറ്റവും പ്രധാനപ്പെട്ട കൂട്ടിയിണക്കൽ ശക്തി ഹൈന്ദവതയല്ലാതെ മറ്റൊന്നുമായിരുന്നില്ല !

( നേതാജി സുഭാഷ് ചന്ദ്രബോസ് – ദി ഇന്ത്യൻ സ്ട്രഗിൾ )

“എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്ന് സ്വാതന്ത്ര്യ ദാഹികളായ ഭാരതീയരോട് പ്രഖ്യാപിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിപ്പത്തൊൻപതാം ജന്മ വാർഷികമാണിന്ന്. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപകനും സായുധ സ്വാതന്ത്ര്യ സമരത്തിൽ വിശ്വസിച്ചയാളുമായ നേതാജി തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു . ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം .

ഒറീസ്സയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജനനം. 1897 ജനുവരി 23 നു വക്കീലായ ജാനകിനാഥ് ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ മകനായി ജനിച്ച സുഭാഷ് വിദ്യാഭ്യാസ കാലം മുതൽ തന്നെ ബ്രീട്ടീഷ് ഭരണത്തിൽ അസംതൃപ്തനായിരുന്നു . കോളേജ് വിദ്യാഭ്യാസത്തിനോടൊപ്പം കോളേജിനു പുറത്തുള്ള വിപ്ലവപ്രവർത്തനങ്ങളേയും സുഭാഷ് കൗതുകപൂർവ്വം വീക്ഷിച്ചിരുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ പഠനമാരംഭിച്ച അദ്ദേഹം 1920 ൽ ഇന്ത്യൻ സിവിൽ സർവീസ് പ്രവേശന പരീക്ഷ എഴുതുകയും ഉയർന്ന മാർക്കോട് കൂടി വിജയിക്കുകയും ചെയ്തു. പക്ഷെ സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കുവാൻ വേണ്ടി അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയും ചെയ്തു .

1921- ൽ വെയിൽസിലെ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും അതേത്തുടർന്ന് അറസ്റ്റിലാവുകയും ചെയ്തു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപാർട്ടി അദ്ദേഹം രൂപവത്കരിച്ചു.രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ജർമനിയിൽ എത്തുകയും അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുകയും ചെയ്തു. 1943ൽ റാഷ് ബിഹാരി ബോസിൽ നിന്ന് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത സുഭാഷ് ജൂലൈ 5നു ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി രൂപവത്കരിച്ചു.

1945 ഓഗസ്റ്റ്‌ 18 ന്‌ 48-മത്തെ വയസിൽ തായ്‌വാനിൽ വെച്ച്‌ നടന്ന വിമാനപകടത്തിൽ മരിച്ചതായാണ് ഔദ്യോഗിക രേഖകൾ പറയുന്നത്‌. 16 ന്‌ നടന്ന വിമാനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഭാഷ്‌ രണ്ടു ദിവസത്തെ ചികിത്സയ്‌ക്കു ശേഷം 18 ന്‌ മരണമടഞ്ഞു എന്നാണ് രേഖകൾ പറയുന്നത് . ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്നാണ് സ്ഥിരീകരിച്ചത്. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു.

തുടർന്ന് 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നാണ് കമ്മീഷന്റെ വിലയിരുത്തൽ .1991-ൽ ഇന്ത്യൻ ഗവണ്മെന്റ് ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു. എന്നാൽ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഗവണ്മെന്റ് ഈ പുരസ്കാരം പിൻ‌വലിക്കുകയാണ് ഉണ്ടായത്. സുഭാഷ് ബോസിനെ സ്റ്റാലിൻ സോവിയറ്റ് തടങ്കൽ പാളയത്തിൽ പാർപ്പിച്ചുവെന്നും പിന്നീട് വധിച്ചുവെന്നുമുള്ള സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവന ഈയടുത്ത കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു .ഈ കാര്യം നെഹ്രുവിനറിയാമായിരുന്നെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു .എന്തായാലും സുഭാഷ് ബോസിന്റെ തിരോധാനം ഇപ്പോഴും ദുരൂഹമായിത്തനെ അവശേഷിക്കുന്നു .

1947 ൽ ബ്രിട്ടീഷ് സാമ്രാജ്യം ഒഴിഞ്ഞു പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സുഭാഷിന്റെ സൈനിക മുന്നേറ്റം കൂടിയായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ് അഭിപ്രായപ്പെട്ടീട്ടുണ്ട് . കറതീർന്ന ദേശീയവാദിയും സ്വാതന്ത്ര്യപോരാളിയുമായിരുന്ന അദ്ദേഹം ഭാര്യ എമിലി ഷെങ്കലിനയച്ച കത്തിൽ ഭാരതത്തെപ്പറ്റി ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട് .

“ഇന്ത്യ അസാധാരണമായൊരു രാജ്യമാണ് . അധികാരത്തിലിരിക്കുന്നവരെക്കാൾ അവൾ ബഹുമാനിക്കുന്നത് അധികാരം ത്യജിക്കുന്നവരെയാണ് .“

6 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close