തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി ജില്ലാ സെഷന്‍സ് കോടതി 28 ലേക്ക് മാറ്റി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജയരാജന്‍ ജില്ല സെഷന്‍സ് കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്.
മനോജ് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയരാജനെ ഇരുപത്തിയഞ്ചാം പ്രതിയാക്കി സിബിഐ കഴിഞ്ഞ ദിവസം കുറ്റപത്രം നല്‍കിയിരുന്നു. തുടര്‍ന്നാണ് ജയരാജന്‍ ജാമ്യാപേക്ഷയുമായി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായിട്ടാണ് കേസില്‍ പ്രതിചേര്‍ത്തതെന്നാണ് ജയരാജന്റെ വാദം.
കേസില്‍ സിബിഐ രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ജയരാജന്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ സിബിഐ ജയരാജനെ പ്രതിചേര്‍ക്കുകയായിരുന്നു. നേരത്തെയും പല തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് ഒരു തവണ ജയരാജന്‍ ഹാജരായത്.
കേസിലെ മറ്റ് പ്രതികള്‍ നല്‍കിയ മൊഴിയനുസരിച്ച് ജയരാജനെതിരേ ശക്തമായ തെളിവുകളാണ് സിബിഐയുടെ പക്കല്‍ ഉള്ളത്. യുഎപിഎ (ഭീകര വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) ചുമത്തിയ കേസില്‍ വകുപ്പ് 43 ഡി നാല് പ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന വാദമാകും ഇവിടെയും സിബിഐ ഉന്നയിക്കുക.