ഇൻഡോർ: ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ ഉത്സവ ഘോഷയാത്രയ്‌ക്കിടെ ആനയ്‌ക്ക് ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറാണ് മരിച്ചത്. രാജ് നഗർ പ്രദേശത്തിന് സമീപം നടന്ന സംഭവത്തിൽ വിജയ് ഹോൾക്കർ (49) ആണ് മരിച്ചത്.
ഉത്സവവുമായി ബന്ധപ്പെട്ട് നഗരത്തിലൂടെ ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന ആനയ്‌ക്ക് നാട്ടുകാർ ഭക്ഷണവും പണവും നൽകുന്നതിനിടെയാണ് സംഭവം. വിജയ് ഹോൾക്കർ ആനയ്‌ക്ക് ശർക്കര നൽകിയതോടെ ആന അസ്വസ്ഥത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് ആനയുടെ ഉടമ ഉമേഷ് ഗോസ്വാമി കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് ആനയുടെ തലയിൽ അടിച്ചതായും ഇതിന് പിന്നാലെ ആന ആക്രമണകാരിയായെന്നും പൊലീസ് അറിയിച്ചു.
പ്രകോപിതമായ ആന വിജയ് ഹോൾക്കറെ നിലത്തേക്ക് തള്ളിയിട്ട് വയറ്റിൽ ചവിട്ടുകയായിരുന്നു. ഇതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് ആനയെ നിയന്ത്രണവിധേയമാക്കി സ്ഥലത്തുനിന്ന് മാറ്റി.
ഗുരുതരമായി പരിക്കേറ്റ വിജയ് ഹോൾക്കറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആനയുടെ ഉടമ ഉമേഷ് ഗോസ്വാമിക്കെതിരെ പൊലീസ് കേസെടുത്തു. ആനയെ നഗരത്തിലേക്ക് കൊണ്ടുവരാൻ ആവശ്യമായ വനംവകുപ്പ് അനുമതി ലഭിച്ചിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.















