പാലക്കാട്: കൊല്ലങ്കോട് പല്ലശ്ശനയിൽ മധ്യവയസ്കന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ അഴുകിയ നിലയിൽ കണ്ടെത്തി. പല്ലശ്ശന പൂളപ്പറമ്പ് ചാന്തിരം വീട്ടിൽ പൊന്നൻ (57) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ച പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അടുത്തിടെയാണ് പൊന്നന്റെ ഭാര്യ വസന്ത മരിച്ചത്. മൂത്ത മകൾ അശ്വതിയെ പെരുവെമ്പിലാണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. രണ്ടാമത്തെ മകൾ അപർണ കോയമ്പത്തൂരിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്.
വീടിന്റെ മുൻവാതിൽ എപ്പോഴും പൂട്ടിയിടുകയും പിൻവശത്തുകൂടി മാത്രമാണ് ആളുകൾ വരികയും പോകുകയും ചെയ്തിരുന്നത്. കൂടാതെ ഇടയ്‌ക്കിടെ വീട് പൂട്ടി പൊന്നൻ മകളുടെ വീട്ടിൽ പോകാറുണ്ടായിരുന്നതിനാൽ പരിസരവാസികൾക്കും സംഭവം ശ്രദ്ധയിൽപ്പെട്ടില്ല.
ഞായറാഴ്ച രാവിലെ പൊന്നനെ അന്വേഷിച്ചെത്തിയ ബന്ധു ഏറെ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ഫാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് വീടിന്റെ ഭാഗത്തുനിന്ന് ദുർഗന്ധം അനുഭവപ്പെട്ടിരുന്നെങ്കിലും സമീപപ്രദേശത്ത് മൃഗങ്ങൾ ചത്തുകിടക്കുന്നതാകാമെന്നാണ് നാട്ടുകാർ കരുതിയത്.
മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ കൊല്ലങ്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















