NewsKeralaMovieSpecial

അണഞ്ഞത് ചിരിയുടെ നക്ഷത്രവെളിച്ചം

തിരുവനന്തപുരം: നിറഞ്ഞ ചിരിയായിരുന്നു കല്‍പനയുടെ മുഖത്ത് എപ്പോഴും. ജീവിതത്തിലെ ഒട്ടേറെ പ്രതിസന്ധികളില്‍ തനിക്ക് തുണയായത് ഇങ്ങനെ ചിരിക്കാനുളള കഴിവാണെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചാല്‍ കല്‍പനയുടെ മറുപടി. പുരുഷകേസരികള്‍ അരങ്ങുവാണ ഹാസ്യവേഷങ്ങള്‍ കല്‍പനയ്ക്ക് ഒരിക്കലും ഒരു വെല്ലുവിളിയായിരുന്നില്ല. ജന്‍മസിദ്ധമായ ഹാസ്യാത്മകതയോടെ അവര്‍ അതൊക്കെ പ്രേക്ഷകരിലെത്തിച്ചു.

ആത്മകഥയായ ഞാന്‍ കല്‍പനയില്‍ പോലും തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന സങ്കട നിമിഷങ്ങള്‍ ചിരിയുടെ മേമ്പൊടി ചേര്‍ത്താണ് കല്‍പന വിവരിക്കുന്നത്. തേടിയെത്തിയ ഹാസ്യവേഷങ്ങള്‍ സംവിധായകരുടെ കണക്കുകൂട്ടലിനും അപ്പുറത്തേക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ കല്‍പനയ്ക്ക് കഴിഞ്ഞതും ജന്‍മസിദ്ധമായ ഈ കഴിവു കൊണ്ടു തന്നെ. സ്വാഭാവിക അഭിനയവും അനായാസം വഴങ്ങുന്ന ഹാസ്യവുമായിരുന്നു കല്‍പനയെന്ന നടിയുടെ പ്രത്യേകത.

വേഷങ്ങളുടെ വലിപ്പച്ചെറുപ്പവും കഥാപാത്രത്തിന്റെ പ്രാധാന്യവും നോക്കാതെ തന്നെ തേടിയെത്തിയ അവസരങ്ങളെല്ലാം ഈ നടി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. രണ്ട് സിനിമകളില്‍ മുഖം കാട്ടിയാല്‍ പിന്നെ നായിക വേഷത്തിനായി കാത്തിരിക്കുന്നവര്‍ക്ക് കല്‍പനയെപ്പോലുള്ളവര്‍ ഒരു പാഠമാണ് എന്നും. മുഖം ചുളിക്കാതെ പൂര്‍ണമായ ആത്മസമര്‍പ്പണത്തോടെ ചെറുവേഷങ്ങള്‍ പോലും സ്വീകരിക്കാന്‍ എന്നും കല്‍പന സജ്ജമായിരുന്നു.

ഒരു ഡയലോഗ് കൊണ്ടുപോലും തന്റെ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസില്‍ കുടിയേറ്റാന്‍ കല്‍പനയ്ക്ക് സാധിക്കുമായിരുന്നു. മിസ്റ്റര്‍ ബ്രഹ്മചാരിയില്‍ കല്‍പനയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. ഈശ്വരാ പാവത്തുങ്ങള്‍ക്ക് ഇത്രേം സൗന്ദര്യം കൊടുക്കരുതേയെന്ന്… സിനിമ പലരുടെയും മനസില്‍ നിന്ന് മാഞ്ഞെങ്കിലും ഈ ഡയലോഗ് ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ കിടക്കുന്നു. ലൊക്കേഷനുകളില്‍ പോലും പരാതിയും പരിഭവവും ഉള്ളിലൊതുക്കി സ്വാഭാവിക നര്‍മ്മബോധത്തിലും കുസൃതികള്‍ ഒപ്പിച്ചും ചിരിയുടെ അരങ്ങൊരുക്കുമായിരുന്നു കല്‍പന.

1965 ഒക്‌ടോബര്‍ 5 ന് കൊല്ലം ചവറയിലാണ് കല്‍പന ജനിച്ചത്. നാടകവും സിനിമയുമാണ് ഉപജീവനമാര്‍ഗമെന്ന് തിരിച്ചറിഞ്ഞ കുടുംബമായിരുന്നു കല്‍പനയുടേത്. നാട്ടില്‍ ഉള്ള സമ്പാദ്യം വിറ്റുപെറുക്കി ഈ കുടുംബം വണ്ടി കയറിയത് മദ്രാസിലേക്ക് മാത്രമായിരുന്നില്ല സിനിമയിലേക്ക് കൂടിയായിരുന്നു. പന്ത്രണ്ടാം വയസില്‍ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മയായിരുന്നു എല്ലാം. രക്ഷിതാവ് എന്നതിന് അപ്പുറത്തേക്ക് എപ്പോഴും ആശ്വാസമായിരുന്ന തണല്‍മരമായിരുന്നു കല്‍പനയ്ക്കും സഹോദരങ്ങള്‍ക്കും അമ്മ. പിന്നീട് പല അഭിമുഖങ്ങളിലും കല്‍പന ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്.

അതിന് മുന്‍പ് നാലു ചിത്രങ്ങള്‍ ഉണ്ടെങ്കിലും മഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് കല്‍പന ശ്രദ്ധക്കപ്പെട്ടത്. പിന്നീടങ്ങോട്ട് നിരവധി വേഷങ്ങള്‍. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതല്‍ കൂടെക്കൂട്ടിയിരുന്നെങ്കിലും ഒരിക്കലും ഹാസ്യ നടിയാകരുത് എന്നാഗ്രഹിച്ച വ്യക്തിയാണ് പിന്നീട് മലയാളികളെ കുടുകുടെ ചിരിപ്പിച്ച കല്‍പനയെന്നതാണ് ഏറെ കൗതുകം. അഭിനയം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതുകൊണ്ടു തന്നെ സ്വാഭാവിക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതും കല്‍പനയ്ക്ക് വെല്ലുവിളിയായിരുന്നില്ല. പക്ഷെ തേടിയെത്തിയത് മുഴുവന്‍ ചിരിവേഷങ്ങള്‍ ആയപ്പോള്‍ സ്വാഭാവിക വേഷങ്ങളുടെ എണ്ണം കുറഞ്ഞെന്ന് മാത്രം.

2012 ല്‍ കല്‍പനയ്ക്ക് ദേശിയ പുരസ്‌കാരം നേടിക്കൊടുത്ത തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ റസിയ ബീവിയെന്ന കഥാപാത്രം കല്‍പനയുടെ അഭിനയജീവിതത്തിലെ ഏറെ വ്യത്യസ്തമായ വേഷമായിരുന്നു. ബാബു തിരുവല്ല തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ മതസൗഹാര്‍ദ്ദത്തിന്റെ കഥയാണ് പറഞ്ഞത്. കല്‍പനയും കെപിഎസി ലളിതയുമായിരുന്നു പ്രധാന വേഷങ്ങളില്‍. റസിയ എന്ന മുസ്ലീം സ്ത്രീയെയാണ് കല്‍പന അവിസ്മരണീയമാക്കിയത്. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു. കേരള കഫേ, സ്പിരിറ്റ്, ബാംഗ്ലൂര്‍ ഡെയ്‌സ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചാര്‍ലി തുടങ്ങിയ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കല്‍പനയിലെ അഭിനയമികവിനെ വരച്ചുകാട്ടുന്നു.

എങ്കിലും കല്‍പന എന്ന നടിയെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്നത് പുന്നാരത്തിലെ ഓട്ടോ ഡ്രൈവറും, ആലിബാബയും ആറര കള്ളന്മാരും എന്ന ചിത്രത്തിലെ മോഷ്ടാവും ഇഷ്ടത്തിലെ വനിതാ പൊലിസുമൊക്കെയാണ്. അതിലും ഉപരി അഭിനയസാദ്ധ്യതയുള്ള നിരവധി വേഷങ്ങള്‍ ബാക്കിവെച്ചാണ് കല്‍പ്പനയുടെ അപ്രതീക്ഷിത വിടവാങ്ങലെന്ന് പറയാതെ വയ്യ.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close