NewsMovie

കല്‍പനയ്ക്ക് കലാകേരളത്തിന്റെ കണ്ണീര്‍പ്രണാമം

കൊച്ചി: ഇന്നലെ അന്തരിച്ച മലയാളികളുടെ പ്രിയനടി കല്‍പനയ്ക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. മലയാള സിനിമാലോകത്തെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരുമാണ് പ്രിയതാരത്തിന് വിടനല്‍കാന്‍ തൃപ്പൂണിത്തുറയില്‍ എത്തിയത്.

രാവിലെ 11 മണിയോടെ കൊച്ചി നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളും സിനിമാ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് എറണാകുളം തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സ്പീക്കര്‍ എന്‍. ശക്തന്‍ ചലച്ചിത്ര സംവിധായകരായ പ്രിയദര്‍ശന്‍, സിബി മലയില്‍, കമല്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ് താരങ്ങളായ പൃഥ്വിരാജ്, ദുല്‍ക്കര്‍ സല്‍മാന്‍, സിദ്ദിഖ് മണിയന്‍പിള്ള രാജു, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നസ്രിയ, മനോജ് കെ. ജയന്‍ തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പൊതുദര്‍ശനത്തിന് ശേഷം ബന്ധുക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി പുതിയ കാവ് റോഡിലെ കല്‍പനയുടെ ഫഌറ്റിലേക്ക് മാറ്റിയത്. നാല് വര്‍ഷമായി മകള്‍ ശ്രീമയിക്കും അമ്മയ്ക്കും ഒപ്പം കല്‍പന ഈ ഫഌറ്റിലായിരുന്നു താമസിച്ചിരുന്നത്. വൈകിട്ട് അഞ്ചരയോടെ സംസ്‌കാരം നിശ്ചയിച്ചിരുന്ന തൃപ്പൂണിത്തുറ ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുവന്നു. നാട്ടുകാരും ആരാധകരുമൊക്കെയായി വന്‍ ജനാവലിയായിരുന്നു ശ്മശാനത്തിന് പുറത്ത് കാത്ത് നിന്നിരുന്നത്. ജനക്കൂട്ടത്തിനിടയിലൂടെ വഴിയൊരുക്കി മൃതദേഹവും വഹിച്ചുകൊണ്ടുളള വാഹനം ശ്മശാനത്തിലെത്തിക്കാന്‍ പൊലീസ് നന്നെ പണിപ്പെട്ടു.

സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. കല്‍പനയുടെ സഹോദരപുത്രനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വ്വഹിച്ചത്. ഇന്നലെയാണ് ഹൈദരാബാദില്‍ കല്‍പന അന്തരിച്ചത്. ഷൂട്ടിംഗിനായി എത്തിയ കല്‍പനയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close