കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്ക് നേരെ സി പി എം അസഹിഷ്ണുത. ഇന്നലെ രാത്രി ഏഴരയോടെ കുറ്റ്യാടിക്കടുത്ത് അരൂര്‍ കോട്ടുമുക്കിൽ സ്വാമിയുടെ പ്രഭാഷണം തടസ്സപ്പെടുത്താൻ സംഘടിച്ചെത്തിയ സി പി എം – ഡിവൈഎഫ് ഐ സംഘം ശ്രമിച്ചു.സ്വാമിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പ്രഭാഷണം കേള്‍ക്കാന്‍ എത്തിയവരും പോലീസും തടഞ്ഞതിനെത്തുടര്‍ന്ന് അക്രമികൾക്ക് സ്വാമിക്ക് സമീപമെത്താനായില്ല.
സപര്യ ധര്‍മ്മ സേവാസമിതി സംഘടിപ്പിക്കുന്ന ഹൈന്ദവം 2016 ന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസമായിരുന്നു ഇന്നലെയാണ് ആക്രമണം ഉണ്ടായത് . അരൂര്‍ യുപി സ്‌കൂളിലൊരുക്കിയ വേദിയില്‍ ഏഴു മണിയോടെയാണ് സ്വാമി പ്രഭാഷണം ആരംഭിച്ചത്. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ അന്‍പതോളം പേരടങ്ങുന്ന സിപിഎം – ഡി വൈ എഫ് ഐ സംഘമാണ് മുദ്രാവാക്യം വിളികളുമായി എത്തി സംഘര്‍ഷം സൃഷ്ടിച്ചത്. എന്നാല്‍ ഈ സമയത്തും സ്വാമിജി പ്രഭാഷണം തുടര്‍ന്നു. സ്വാമിജിക്ക് സമീപമെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ അക്രമി സംഘം പിരിഞ്ഞു പോവുകയായിരുന്നു . ഡിവൈഎഫ്‌ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ. മനോജ് അരൂര്‍, ഒ. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമത്തിനെത്തിയത്.
സര്‍വ്വരും മാനിക്കുന്ന സ്വാമി ചിദാനന്ദപുരിക്കെതിരെ നടത്തിയ അതിക്രമം സിപിഎമ്മിന്റെ ഹീനസംസ്‌കാരത്തേയും കാടത്തത്തേയുമാണ് പ്രകടമാക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പ്രസ്താവിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ പറയുന്ന സിപിഎം കാണിച്ച ഈ അസഹിഷ്ണുതയിലൂടെ അവരുടെ ഇരട്ടത്താപ്പു വെളിപ്പെട്ടു. നിയമാനുസൃതം അനുമതി വാങ്ങി നടത്തുന്ന പരിപാടിയിലെ കൈയേറ്റത്തിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാകമ്മിറ്റിയും ബിജെപി ജില്ലാകമ്മിറ്റിയും പ്രസ്താവനയില്‍ പറഞ്ഞു. യഥാര്‍ത്ഥ അസഹിഷ്ണുക്കള്‍ ആരാണെന്ന് ഡിവൈഎഫ്‌ഐ തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ പ്രസ്താവിച്ചു. സന്യാസി ശ്രേഷ്ഠന്‍മാര്‍ക്കുനേരെ അക്രമം നടത്തുന്ന സിപിഎം നടപടി ഇത് ആദ്യമല്ല. ഇത് ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് ജില്ലാകമ്മറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്താനും ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു.