തിരുവനന്തപുരം: കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന് എത്തിയ ടി.പി ശ്രീനിവാസനെ അക്രമിക്കുന്നത് പൊലീസ് നോക്കി നിന്നത് പൊലീസിന് നാണക്കേടുണ്ടാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദ്ദേശം നല്‍കി തിരുവനന്തപുരം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറലിന് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഡിജിപി ടി.പി സെന്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ശരത് ടി.പി ശ്രീനിവാസനെ ക്രൂരമായി ആക്രമിച്ചതിന് ശേഷവും തികഞ്ഞ അനാസ്ഥയും, നിസംഗതയും പ്രകടിപ്പിച്ച് നിരവധി പോലീസുദ്യോഗസ്ഥര്‍ നില്‍ക്കുന്നത് കാണേണ്ടി വന്നത് കേരള പോലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് ഡിജിപി പറയുന്നു. കോവളത്തെ ചടങ്ങില്‍ ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൂടുതല്‍ സേനാംഗങ്ങളെ നല്‍കുകയും ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതാണ്.
ടി.പി ശ്രീനിവാസന്‍ അറിയപ്പെടുന്ന വ്യക്തിയാണെന്നും അദ്ദേഹം സര്‍ക്കാര്‍ വാഹനത്തിലാണ് അവിടെയെത്തിയതെന്നും ഡിജിപി ചൂണ്ടിക്കാട്ടി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്‍ഡ് കമ്മീഷണര്‍ അപ്പോള്‍ തന്നെ ശരിയായ നടപടി സ്വീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിജിപി, ശ്രീനിവാസനെ സമരക്കാര്‍ ഉപദ്രവിക്കുന്നത് കണ്ടിട്ടും സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇടപെടാന്‍ തയ്യാറായില്ലെന്നും കുറ്റപ്പെടുത്തുന്നു. മര്‍ദ്ദനമേറ്റ് വീണ മനുഷ്യന് ഒരു താങ്ങ് കൊടുക്കാനുളള സാമാന്യമര്യാദ പോലും സ്ഥലത്തുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ കാണിച്ചില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന്റെ പേരില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. അടിയേറ്റ് വീണ ടി.പി ശ്രീനിവാസനെ പിടിച്ചെഴുന്നേല്‍പിക്കാന്‍ പോലും ശ്രമിക്കാതെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐക്കാരെ പിന്തിരിപ്പിക്കാനുളള ശ്രമമായിരുന്നു പൊലീസ് നടത്തിയത്.