സിറിയയിൽ ആഭ്യന്തര യുദ്ധം കനത്തതോടെ, തുർക്കിയിലേക്കുള്ള അഭയാർത്ഥി പ്രവാഹം രൂക്ഷമായി. നിലവിലെ സാഹചര്യത്തിൽ അഭയാർത്ഥികളെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തുർക്കി വ്യക്തമാക്കി. അതേസമയം, അനുവാദമില്ലാതെ രാജ്യത്ത് കടക്കുന്നവർ ശവപ്പെട്ടിയിലാകും തിരിച്ചുപോകുകയെന്ന് സിറിയൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി.
ജനീവയിൽ സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സിറിയയിൽ റഷ്യയുടെ സഹായത്തോടെ അസദ് ഭരണകൂടം വിമതർക്കെതിരായ പോരാട്ടം ശക്തമാക്കി. അലെപോയിൽ സൈന്യം പോരാട്ടം ശക്തമാക്കിയതിന് പിന്നാലെയാണ് ആയിരക്കണക്കിന് അഭയാർത്ഥികളായി തുർക്കി അതിർത്തിയിലേക്ക് പലായനം ചെയ്യുന്നത്. സിറിയയിൽ നിന്നുള്ളവരെ കൊണ്ട് തുർക്കിയുടെ അതിർത്തി പ്രദേശങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഇന്നലെ മാത്രം 35,000 പേർ അഭയാർത്ഥികളായി പലായനം ചെയ്തത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ അഭയാർത്ഥികളെ രാജ്യത്തേക്ക് കടത്തില്ലെന്ന് തുർക്കി വ്യക്തമാക്കി. അടിയന്തര സാഹചര്യം ഉണ്ടായാൽ മാത്രമേ അതിർത്തി തുറക്കുകയുള്ളുവെന്നും തുർക്കി വിദേശകാര്യ മന്ത്രി പറഞ്ഞു. എന്നാൽ അഭയാർത്ഥികൾക്ക് ആഹാരവും താമസസൗകര്യവും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലെ പോരാട്ടത്തിൽ പങ്കാളികളാകാൻ തയ്യാറാണെന്ന സൗദി അറേബ്യയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി സിറിയൻ വിദേശകാര്യ മന്ത്രി രംഗത്തെത്തി. അനുവാദം ഇല്ലാതെ രാജ്യത്ത് കടക്കുന്ന വിദേശ ശക്തികൾ ശവപ്പെട്ടിയിലേ രാജ്യത്ത് നിന്ന് പുറത്ത് പോകു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സിറിയൻ സമാധാന ചർച്ചകൾ അട്ടിമറിച്ചത് റഷ്യയാണെന്ന് കുറ്റപ്പെടുത്തലുമായി നാറ്റോ രംഗത്തെത്തി എന്നാൽ നാറ്റോയുടെ വാദത്തെ തള്ളുന്നതായി മോസ്കോ പ്രതികരിച്ചു.