Special

നാസികളുമായി സന്ധി ചെയ്തപ്പോൾ – സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് വഞ്ചനയും ഭാഗം – 02

1920 കളുടെ മദ്ധ്യത്തിൽ ഭാരതത്തിലാരംഭിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നെയും ഒരു പതിറ്റാണ്ടിനു ശേഷമാണ് ശക്തിപ്പെടുന്നത് . സോവിയറ്റ് ഇന്റർനാഷണലിന്റെ തീരുമാനമനുസരിച്ച് മാത്രം ആടാൻ വിധിക്കപ്പെട്ട പാർട്ടി ദേശീയ സമരത്തോട് പുറം തിരിഞ്ഞു നിന്നത് വളർച്ചയെ തടസ്സപ്പെടുത്തി . മനുഷ്യന് മനസ്സിലാകാത്ത നയങ്ങളുടെ രൂപീകരണവും ഇരുട്ടിവെളുക്കുന്നതിനു മുൻപേ അതിൽ നിന്നുള്ള ചുവടുമാറ്റവും വളർച്ചയെ ബാധിച്ചു.

സോവിയറ്റ് യൂണിയനിൽ നിന്ന് കൂട്ട വധശിക്ഷകളുടെ വാർത്തകൾ പുറത്ത് വന്നു കൊണ്ടിരുന്ന 1934 -39 കാലഘട്ടത്തിൽ ഈ എം എസും , എ കെ ഗോപാലനും കെ ദാമോദരനും പി കൃഷ്ണപിള്ളയും അടക്കമുള്ളവരായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ . പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പോലും സ്റ്റാലിൻ ഭരണത്തിൽ ജീവൻ നഷ്ടപ്പെട്ട കാലം. തനിക്ക് സംശയം തോന്നുന്നവരെയെല്ലാം വർഗ്ഗശത്രുവെന്ന് മുദ്രകുത്തി സ്റ്റാലിൻ അവസാനിപ്പിച്ചു . പതിനേഴാം പാർട്ടി കോൺഗ്രസിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ എഴുപത് ശതമാനത്തോളം പേർ കൂട്ടക്കൊല ചെയ്യപ്പെട്ടു .

മനുഷ്യാവകാശ ധ്വംസനങ്ങളുടെ എണ്ണമറ്റ സംഭവങ്ങൾ സോവിയറ്റ് യൂണിയനിൽ അരങ്ങേറുമ്പോഴും ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് സ്റ്റാലിൻ മഹത്തായ ആചാര്യനായിരുന്നു. വഴികാട്ടുന്ന നക്ഷത്രവും ലോക സോഷ്യലിസത്തിന്റെ നേതാവുമായിരുന്നു . ഈ സോവിയറ്റ് ദാസ്യമാണ് ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുക്കുന്നതിലേക്ക് കമ്യൂണിസ്റ്റുകളെ നയിച്ചത് .

1936 – 38 കാലഘട്ടത്തിൽ കമ്യൂണിസ്റ്റ്കാരുടെ ഒന്നാം നമ്പർ ശത്രു ഫാസിസ്റ്റുകളായിരുന്നു. സോവിയറ്റ് യൂണിയനെ തകർക്കാൻ ശ്രമിക്കുന്നുവെന്നതായിരുന്നു ഫാസിസ്റ്റുകളുടെ മേൽ ആരോപിക്കപ്പെട്ട പ്രധാന കുറ്റം .

എന്നാൽ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനു തൊട്ടു മുൻപ് സോവിയറ്റ് യൂണിയനും ജർമ്മനിയും അനാക്രമണ സന്ധിയിൽ ഒപ്പുവച്ചത് കാര്യങ്ങൾ മാറ്റി മറിച്ചു . 1939 ആഗസ്റ്റ് 23 ന് മോളോടോവ് – റിബ്ബൻ ട്രോപ്പ് സന്ധി പ്രകാരം ഇരു രാജ്യങ്ങളും പരസ്പരം ആക്രമിക്കുകയില്ലെന്ന് മാത്രമല്ല ഒരാൾ മറ്റൊരാളുടെ ശത്രുവിനെ സഹായിക്കുകയുമില്ലെന്ന് തീരുമാനിക്കപ്പെട്ടു . ഈ കരാറിന് മറ്റൊരു രഹസ്യമുഖവുമുണ്ടായിരുന്നു .

റൊമാനിയ , പോളണ്ട് , ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ , ഫിൻലാൻഡ് എന്നീ രാജ്യങ്ങളെ പങ്കിട്ടെടുക്കാനുള്ള രഹസ്യ തീരുമാനവും സ്റ്റാലിനും ഹിറ്റ്ലറും അംഗീകരിച്ച കരാറിലുണ്ടായിരുന്നു . സോവിയറ്റ് നോക്കികളായ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ വീണ്ടും പ്രതിസന്ധിയിലായി . ഫാസിസ്റ്റുകൾ തങ്ങളുടെ പിതൃഭൂമിയോട് സഖ്യത്തിലെത്തിയതോടെ ഒന്നാം നമ്പർ ശത്രുവായി ഇക്കുറി സാമ്രാജ്യത്വം അവരോധിക്കപ്പെട്ടു .

കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ യുദ്ധകാലത്തെ നയത്തിൽ ഫ്രാൻസും ഇംഗ്ലണ്ടും ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയുയർത്തുന്ന രാജ്യങ്ങളായി മാറി . സ്റ്റാലിനോട് സഖ്യമുണ്ടാക്കിയ ഹിറ്റ്ലർ വേണ്ടപ്പെട്ടവനുമായി. രക്തരൂക്ഷിതമായ നീക്കത്തിലൂടെ ജർമ്മനി പോളണ്ടിനെ വിഭജിച്ചെടുത്തതും കമ്യൂണിസ്റ്റ് പാർട്ടി ന്യായീകരിച്ചു . സോവിയറ്റ് യൂണിയന്റെ താത്പര്യമാണ് മനുഷ്യവംശത്തിന്റെ താത്പര്യമെന്ന് അവർ താത്വിക വിശദീകരണങ്ങൾ നൽകി . 1939 ൽ സോവിയറ്റ് റഷ്യ ഫിൻലൻഡിനെ ആക്രമിച്ചതിനേയും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ഉളുപ്പില്ലാതെ ന്യായീകരിച്ചു.

(തുടരും )

24 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close