കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ ചികിത്സയെക്കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ അറിയാന്‍ സിബിഐ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജയരാജനെ ഹൃദ്രോഗത്തിന് ചികിത്സിക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അഷ്റഫിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്കി.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി റസ്റ്റ് ഹൗസിലെ സിബിഐയുടെ ക്യാമ്പ് ഓഫീസിലെത്താനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജയരാജന്റെ ചികിത്സ സംബന്ധിച്ച രേഖകളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ ഇന്നലെ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയ ജയരാജനെ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന ജയില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയ ശേഷമായിരുന്നു ഈ നാടകീയ നീക്കം.
എന്നാല്‍ സിപിഎം സ്വാധീനം ചെലുത്തി ആശുപത്രിവാസത്തിന് സഹായകമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നേരത്തെ കേസില്‍ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയരാജന് ഒഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ചികിത്സയുടെ യഥാര്‍ഥവശം പരിശോധിക്കാന്‍ സിബിഐ ഒരുങ്ങുന്നത്.
ആരോഗ്യ പ്രശ്നങ്ങള്‍ കളവാണെന്ന സംശയം ഉയരുകയാണെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് ഇക്കാര്യം പരിശോധിപ്പിക്കാനും സിബിഐ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. ജയരാജനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിന് മുന്നോടിയായിട്ടാണ് സിബിഐയുടെ നടപടികള്‍.