പത്തനംതിട്ട: ആറന്മുള വിമാനത്താവള നിർമ്മാണത്തിനായി നികത്തിയ വലിയ തോട്ടിലെയും നീർച്ചാലുകളിലെയും മണ്ണ് നീക്കി പുനഃസ്ഥാപിക്കുന്ന നടപടി അട്ടിമറിക്കാൻ നീക്കം. മണ്ണ് നീക്കി തോട് പുന:സ്ഥാപിക്കാനുളള തീരുമാനം ചോദ്യം ചെയ്‍ത്, സ്ഥലം എംഎൽഎ ശിവദാസൻ നായർ കളക്ടർക്ക് കത്ത് നൽകി.
സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവള പദ്ധതിയെ എതിർത്തത് എന്തിനെന്ന് കത്തിൽ ചോദിക്കുന്നു. പദ്ധതിയെ എതിർക്കുന്നവരുമായി ചർച്ച നടത്തിയതിന്‍റെ കാരണവും, മണ്ണ് മാറ്റാനുള്ള തീരുമാനത്തിന്‍റെ മാനദണ്ഡവും, പദ്ധതിയെ തകർക്കുന്ന തീരുമാനം ഏകപക്ഷീയമായി എടുത്തതിന്‍റെ കാരണവും ആരായുന്ന കത്താണ് ശിവദാസൻ നായർ എംഎൽഎ കളക്ടർക്ക് നൽകിയത്.
ആറന്‍മുള വിമാനത്താവള പദ്ധതിക്കായി മണ്ണിട്ട് നികത്തിയ കരുമാരം തോടും ചാലും പുന:സ്ഥാപിക്കുന്ന നടപടി പ്രഹസനമെന്ന് ആക്ഷേപമുയർന്നിരുന്നു.
നേരത്തെ ആറന്മുള വിമാനത്താവള പദ്ധതിക്ക് നൽകിയ അനുമതി പ്രതിരോധ വകുപ്പ് റദ്ദാക്കിയിരുന്നു. യു പി എ സർക്കാരിന്റെ കാലത്ത് 2011 ലാണ് ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത് .