ഹരിയാനയിൽ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തി വരുന്ന പ്രക്ഷോഭം കൂടുതൽ അക്രമാസക്തമായി. റെയിൽവേ സ്റ്റേഷൻ, ഷോപ്പിങ് മാൾ, ഹോട്ടലുകൾ എന്നിവയ്‌ക്ക് പ്രക്ഷോഭകർ തീയിട്ടു. സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടും പ്രക്ഷോഭകർ അതിന് തയ്യാറായിട്ടില്ല.
സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹരിയാനയിലെ ജാട്ട് വിഭാഗം പ്രക്ഷോഭത്തിലാണ്. വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ ചർച്ചകൾക്ക് തയ്യാറാകാതെയാണ് പ്രക്ഷോഭകർ ഇപ്പോൾ സംസ്ഥാനത്ത് വ്യാപക ആക്രമണം അഴിച്ച് വിടുന്നത്. അക്രമത്തെ നേരിടാൻ സൈന്യം രംഗത്തിറിങ്ങി.
ഇതിന് പിന്നാലെ ഇന്നലെ രാത്രി വ്യാപക ആക്രമണം ഉണ്ടായി. ബുദഖേധ റെയിൽവേ സ്റ്റേഷനും ഒരു ഷോപ്പിങ് മാളിനും തീവെച്ചു. പ്രക്ഷോഭകർ പല ദേശീയ പാതകൾ കൈയ്യേറി. സംസ്ഥാനത്തേക്കുള്ള പല തീവണ്ടികളും റദ്ദാക്കി. സ്കൂളുകൾ അടഞ്ഞു കിടക്കികയാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇതിന്‍റെ ഭാഗമായി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുൺ ജെയ്റ്റ് ലി, മനോഹർ പരീക്കർ എന്നിവർ യോഗം ചേർന്നു. പ്രക്ഷോഭകർ ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
ചർച്ചയ്‌ക്ക് തയ്യാറാണെന്ന സർക്കാരിന്‍റെ നിർദേശം പ്രക്ഷോഭകർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭകർ അക്രമം അഴിച്ച് വിട്ടത്.















