ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിഷയത്തില്‍ ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദും കൂട്ടരും നിയമത്തെ മാനിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തില്‍ തങ്ങളെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഉമര്‍ ഖാലിദും സഹപ്രവര്‍ത്തകനായ അനിര്‍ബന്‍ ഭട്ടാചാര്യയും നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. ഇരുവരുടെയും ആവശ്യം നിരസിച്ച കോടതി കീഴടങ്ങി നിയമനടപടികള്‍ക്ക് വിധേയരാകാനും നിര്‍ദ്ദേശിച്ചു.
രാജ്യത്തൊട്ടാകെ വിവാദമായ സംഭവത്തില്‍ നിയമത്തിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ നടപടിയെ ചോദ്യം ചെയ്താണ് ഹൈ്ക്കോടതിയുടെ നിര്‍ദ്ദേശം. കീഴടങ്ങില്ലെന്നായിരുന്നു ഇന്നലെ വരെ ഉമര്‍ ഖാലിദിന്റെയും കൂട്ടരുടെയും നിലപാട്. എന്നാല്‍ രാവിലെ ജാമ്യം അനുവദിക്കണമെന്നും അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി വിഷയം പരിഗണിച്ചത്.
കീഴടങ്ങുന്ന സമയവും സ്ഥലവും വ്ിദ്യാര്ഥികള്ക്ക് തെരഞ്ഞെടു്ക്കാമെന്ന് കോടതി പറഞ്ഞെങ്കിലും ഏതെങ്കിലും സ്ഥലത്ത് എപ്പോഴെങ്കിലും കീഴടങ്ങുന്നതിനോട് യോജിക്കാനാകില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സുരക്ഷയും കീഴടങ്ങുന്ന സ്ഥലവും സമയവും നാളത്തെ വാദത്തില്‍ പരിഗണിക്കാന്‍ കോടതി മാറ്റിവെയ്ക്കുകയായിരുന്നു.
ജെഎന്‍യുവിലെ അഫ്സല് ഗുരു അനുസ്മരണം വിവാദമായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് വാര്‍ത്തയാകുകയും പരിപാടിക്ക് നേതൃത്വം നല്കിയ വിദ്യാര്ഥികള്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഉമര്‍ ഖാലിദ് അടക്കമുളള വിദ്യാര്‍ഥികള്‍ ഒളിവില്‍ പോയി.
എന്നാല്‍ ഞായറാഴ്ച ജെഎന്‍യുവില്‍ ഇവരെ പിന്തുണച്ച് നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇവര്‍ ക്യാമ്പസില്‍ തന്നെയുണ്ടായിരുന്നുവെന്ന് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നിയമത്തിന് വിധേയരായി നിരപരാധിത്വം തെളിയിക്കുകയാണ് വേണ്ടതെന്ന് ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു.
അതിനിടെ ഒളിവില്‍ കഴിയുന്ന വിദ്യാര്‍ഥികളെ ക്യാമ്പസില്‍ കയറി കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.