ന്യൂഡല്‍ഹി: ബജറ്റില്‍ എല്ലാ വിഭാഗത്തിന്റെയും ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു. അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്തും രാജ്യതാല്പര്യം മുന്‍നിര്‍ത്തിയുമാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും സുരേഷ് പ്രഭു പറഞ്ഞു. റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേയുടെ പരിവര്‍ത്തനം സാദ്ധ്യമാക്കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ജൂണിയര്‍ റെയില്‍വേ മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. സുരേഷ് പ്രഭു അവതരിപ്പിക്കുന്ന രണ്ടാമത്തെ റെയില്‍ ബജറ്റാണ് ഇത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജനുവരി വരെ 1,41,416 കോടി രൂപയായിരുന്നു റെയില്‍വേ പ്രതീക്ഷിച്ചിരുന്ന വരുമാനമെങ്കിലും 1,36,079 കോടി രൂപ മാത്രമാണ് ലഭിച്ചത്. 3.77 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. യാത്രക്കാരാണ് റെയില്‍വേയുടെ ആത്മാവെന്നും അവരുടെ ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സുരേഷ് പ്രഭു കൂട്ടിച്ചേര്‍ത്തു.
മെയ്ക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.