ലാസ് ആഞ്ചലസ്: കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ താന്‍ പരാജയപ്പെട്ടിരുന്നതായി ടെന്നീസിലെ ഗ്ലാമര്‍ താരം മറിയ ഷറപ്പോവ. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പത്ത് വര്‍ഷമായി താന്‍ ഉപയോഗിച്ചിരുന്ന മരുന്നാണ് വില്ലനായതെന്നും ഷറപ്പോവ പറഞ്ഞു.
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടെന്ന് അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷന്‍ തന്നെ അറിയിച്ചതായും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഷറപ്പോവ ലോസ് ആഞ്ചലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. താരത്തിന് 5 വര്‍ഷത്തെ വിലക്കിന് സാധ്യതയുണ്ട്. അതിനിടെ, സ്‌പോര്‍ട്‌സ് ഉത്പന്ന നിര്‍മ്മാതാക്കളായ നൈക്കി, ഷറപ്പോവയുമായുളള കരാര്‍ റദ്ദാക്കി.
2006 മുതല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഷറപ്പോവ ഉപയോഗിക്കുന്ന മില്‍ഡ്രൊണേറ്റ് എന്ന മരുന്നിലാണ് നിരോധിത മരുന്നായ മെല്‍ഡോണിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നാണ് ഇത്. കുടുംബഡോക്ടറാണ് തനിക്ക് ഈ മരുന്ന് നിര്‍ദ്ദേശിച്ചതെന്ന് ഷറപ്പോവ വ്യക്തമാക്കി. മെല്‍ഡോണിയം നെഞ്ചുവേദനയ്‌ക്കും ഹൃദയാഘാതം തടയുന്നതിനുമാണ് സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ അടുത്തിടെ നടന്ന ഗവേഷണങ്ങളില്‍ കായികക്ഷമത വര്‍ധിക്കാന്‍ സഹായകമായ വസ്തുക്കള്‍ ഈ മരുന്നില്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു.
ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും എന്നാല്‍ തന്റെ കരിയര്‍ ഒരിക്കലും ഈ രീതിയില്‍ അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് മറ്റൊരു അവസരം ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ പരിക്ക് നിരന്തരം അലട്ടിക്കൊണ്ടിരുന്ന ഷറപ്പോവ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെറീന വില്യംസിനോട് പരാജയപ്പെട്ട ശേഷം കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം.