ന്യൂഡല്‍ഹി: പിന്‍വലിക്കുന്ന പിഎഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുളള ബജറ്റ് നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ലോക്‌സഭയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം അറിയിച്ചത്.
പിഎഫില്‍ നിന്ന് പിന്‍വലിക്കുന്ന തുകയുടെ അറുപത് ശതമാനത്തിന് നികുതിയേര്‍പ്പെടുത്താനായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം. ബാക്കി 40 ശതമാനം നികുതി രഹിതമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നിര്‍ദ്ദേശം ഇടത്തരം കുടുംബങ്ങളെ ബാധിക്കുമെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ധനമന്ത്രാലയം നിര്‍ദ്ദേശം പുനപ്പരിശോധിച്ചത്.
സര്‍ക്കാരിന്റെ വരുമാനം മാത്രമല്ല സാമൂഹ്യക്ഷേമം കൂടി ലക്ഷ്യമിട്ടാണ് നികുതി ഏര്‍പ്പെടുത്തിയതെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം. വിരമിക്കുമ്പോള്‍ 40 ശതമാനം തുക മാത്രം പിന്‍വലിച്ച ശേഷം ബാക്കി പെന്‍ഷന്‍ ആന്വിറ്റി പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ ആ തുകയ്‌ക്കും നികുതിയിളവ് ലഭിക്കുമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വിരമിച്ച ശേഷം തുക എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനമെടുക്കാന്‍ വ്യക്തികള്‍ക്കുളള അവകാശത്തെ മാനിക്കുകയാണെന്ന് നിര്‍ദ്ദേശം പിന്‍വലിച്ചതായി അറിയിച്ച് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.