കോഴിക്കോട്: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരേ ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ മത്സരിച്ചേക്കും. ഈ മാസം അവസാനം ചേരുന്ന ആര്‍എംപി സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തിലാണ് പിണറായി മത്സരിക്കുകയെന്നാണ് സൂചന. ഇവിടെ മത്സരിക്കാനാണ് കെ.കെ രമ തയ്യാറെടുക്കുന്നതും. ഇതിന്റെ മുന്നൊരുക്കങ്ങള്‍ ആര്‍എംപി നേതൃത്വം തുടങ്ങിയതായും സൂചനയുണ്ട്. അതിനിടെ രമ മത്സരിക്കുകയാണെങ്കില്‍ യുഡിഎഫ് ഈ സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
കേരളത്തില്‍ 20 മണ്ഡലങ്ങളിലാണ് ആര്‍എംപി സ്ഥാനാര്‍ഥികളെ നിര്‍ത്തുക. എന്നാല്‍ കെ.കെ രമ പിണറായിക്കെതിരേ മത്സരിക്കുകയാണെങ്കില്‍ ഈ മണ്ഡലം കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണം നടത്തണമെന്ന അഭിപ്രായവും ആര്‍എംപിയില്‍ ഉണ്ട്. അതിനിടെ കെ.കെ രമയെ പിന്തിരിപ്പിക്കാന്‍ സിപിഎം നീക്കം തുടങ്ങിയതായും സൂചനയുണ്ട്.















