ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ സഞ്ചരിച്ച ബസിലായിരുന്നു സ്ഫോടനം. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പെഷവാറിലെ സുനേരി മസ്ജിദിന് സമീപമായിരുന്നു സ്ഫോടനം. ടൈം ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്ന് ബോംബ് സ്ക്വാഡ് വ്യക്തമാക്കി. എട്ട് കിലോ സ്ഫോടക വസ്തുക്കളങ്കിലും ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബസില്‍ ടൈം ബോംബ് ഘടിപ്പിക്കുകയായിരുന്നു.
സ്വകാര്യ ബസ് വാടകയ്ക്കെടുത്താണ് ജീവനക്കാര്‍ സഞ്ചരിച്ചതെന്നും ഇത്തരം ബസുകള്‍ക്ക് സുരക്ഷ നല്കാന് വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെയും സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യമിട്ട് ഇത്തരം അക്രമങ്ങള്‍ പാകിസ്ഥാനില്‍ സംഭവിച്ചിട്ടുണ്ട്.
സ്ഫോടനത്തില്‍ ബസ് ഏറെക്കുറെ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.