സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവെ, ഐ എസ് ആർ ഒ യുമായി കൈകോർക്കുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഐ എസ് ആർ ഒ യുടെ സഹകരണത്തോടെ ജി ഐ എസ് ഉൾപ്പെടെയുള്ള റിമോട്ട് സെൻസിംഗ് സംവിധാനം ഏർപ്പെടുത്താനാണ് റെയിൽവെയുടെ തീരുമാനം.
റെയിൽവെയിൽ ആധുനികവൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഐഎസ്ആർഒയുമായി ചേർന്ന് റിമോട്ട് സെൻസിംഗ് സംവിധാനം നടപ്പിലാക്കുന്നത്. ഇതുവഴി പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുവാനും അപകടങ്ങൾ ഏറെക്കുറെ ഒഴിവാക്കുവാനും കഴിയും. ജിഐഎസ്, ജിപിഎസ് മുതലായ സംവിധാനങ്ങളിലൂടെ യാത്രക്കാർക്ക് ട്രെയിനുകളുടെ കൃത്യമായ വിവരങ്ങൾ തൽസമയം ലഭ്യമാക്കും. ട്രെയിൻ സഞ്ചരിക്കുന്ന വഴികളിലെ ഭൂവിവരവ്യവസ്ഥ, ഒറ്റപ്പെട്ട സ്ഥലങ്ങളെ കുറിച്ചുള്ള വിവരം തുടങ്ങിയവ ജിയോ മാപ്പിംഗ് സംവിധാനത്തിലൂടെ അറിയാൻ സാധിക്കും