ന്യൂഡല്‍ഹി: സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം ലോക ടെന്നീസിന്റെ നെറുകയില്‍. സിഡ്‌നി ഇന്റര്‍നാഷ്ണല്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ നേടിയ ജയത്തോടെ തുടര്‍ച്ചയായ 29 ജയങ്ങളുടെ റെക്കോര്‍ഡാണ് സാനിയ- ഹിംഗിസ് സഖ്യം സ്വന്തം പേരില്‍ കുറിച്ചത്. 1994 ല്‍ ജിജി ഫെര്‍ണാണ്ടസ് നടാഷ സ്വെരേവ സഖ്യം നേടിയ 28 ജയങ്ങളുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
വനിതാ ഡബിള്‍സില്‍ 2015 നെ നേട്ടങ്ങളുടെ വര്‍ഷമാക്കിയ സാനിയ മിര്‍സ -മാര്‍ട്ടിന ഹിംഗിസ് സഖ്യം പുതുവര്‍ഷത്തിലും വിജയഗാഥ തുടരുകയാണ്. സിഡ്‌നി ഇന്റര്‍നാഷ്ണല്‍ ടൂര്‍ണമെന്റ് സെമിയില്‍ റലൂക ഒലാറു ഷഹ്‌ദോവ സഖ്യത്തെ കീഴടക്കിയതോടെയാണ് അപൂര്‍വ റെക്കോര്‍ഡ് ഇരുവരെയും തേടി അപൂര്‍വ്വ റെക്കോഡ് എത്തിയത്.
1994 ല്‍ പ്യൂര്‍ട്ടോറിക്കോയുടെ ജിജി ഫെര്‍ണാണ്ടസും ബലാറസിന്റെ നടാഷ സ്വെരോവയും നേടിയ റെക്കോര്‍ഡാണ് ഇന്തോ സ്വിസ് സഖ്യം പഴങ്കഥയാക്കിയത്. സെമിയില്‍ കടുത്ത പോരാട്ടത്തില്‍ 4-6,6-3 10-8 എന്ന സ്‌കോറിന് ജയിച്ചുകയറിയ സഖ്യം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി.
വനിതാ ഡബിള്‍സ് റാങ്കിംഗില്‍ കഴിഞ്ഞ 40 ആഴ്ചകളായി ഒന്നാം സ്ഥാനത്ത് തുടരുന്ന സാനിയ -ഹിംഗിസ് സഖ്യം കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും യു.എസ് ഓപ്പണുമടക്കം ഒന്‍പത് കിരീടങ്ങള്‍ നേടിയിരുന്നു.