കൊളംബോ: സമുദ്രാതിര്‍ത്തി ലംഘന കുറ്റത്തിന് അറസ്റ്റിലായിട്ടുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക ഇന്ന് മോചിപ്പിക്കും. രാജ്യത്ത് വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിക്കുന്ന 104 പേരെയാണ് മോചിപ്പിക്കുന്നതെന്ന് ശ്രീലങ്കന്‍ ഫിഷറീസ് മന്ത്രാലയം അറിയിച്ചു. തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് ഈ തീരുമാനം.
അതേസമയം, മത്സ്യത്തൊഴിലാളികളില്‍ എട്ടു പേരുടെ മോചനം ആശങ്കയിലാണ്. ലങ്കന്‍ മത്സ്യബന്ധബോട്ടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിന് ഇവരുടെ മേല്‍ കേസുള്ളതാണ് മോചനം വൈകുമോയെന്ന ആശങ്ക ഉളവാക്കുന്നതെന്ന് ശ്രീലങ്കന്‍ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി ലംഘന കുറ്റത്തിന് ലങ്കന്‍ തൊഴിലാളികളാരും ഇന്ത്യന്‍ ജയിലുകളില്‍ ഇല്ലെന്നും വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ ആരെങ്കിലും പിടിയിലായാന്‍ വിട്ടയയ്‌ക്കുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയിട്ടുള്ളതായും ശ്രീലങ്കന്‍ മന്ത്രാലയം വ്യക്തമാക്കി.