തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചലച്ചിത്ര താരം കെപിഎസി ലളിത. വടക്കാഞ്ചേരി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ലളിതയെ അനൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ കാരണങ്ങളാലാണ് മത്സരിക്കാത്തത് എന്നാണ് വിശദീകരണം. കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കീഴ്ഘടകങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്മാറ്റം.
ഇത് സംബന്ധിച്ച വിവരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതായി ലളിത പറഞ്ഞു. പൂനയില്‍ ഉള്ളപ്പോഴാണ് കോടിയേരി സഖാവ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കുന്നുണ്ടെന്ന് കാര്യം പറഞ്ഞത്. എതിര്‍ത്തൊന്നും പറഞ്ഞില്ല. ഇന്നലെയാണ് നാട്ടിലെത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് എന്നും ബഹുമാനവും സ്നേഹവും ആദരവുമുണ്ട്. അതുകൊണ്ടാണ് കോടിയേരി വിളിച്ചപ്പോള്‍ സമ്മതം പറഞ്ഞത്.
നാട്ടിലെത്തിയപ്പോള്‍ ഒരു മണിക്കൂറുപോലും നില്ക്കാന് പറ്റാത്ത അവസ്ഥയാണ്. കാലിന് വേദനയുണ്ട്. കൂടാതെ നടക്കാനും പ്രശ്നമുണ്ട് ലളിത പറഞ്ഞു.
നേരത്തെ കീഴ്ഘടകങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ താന്‍ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്നായിരുന്നു കെ.പി.എ.സി ലളിത പറഞ്ഞത്.