NewsHealth

ലോകാരോഗ്യദിനം

പ്രമേഹത്തിനെതിരേ ലോകാരോഗ്യസംഘടനയുടെ ‘ബീറ്റ് ഡയബറ്റിസ് ‘എന്ന ആഹ്വാനവുമായി ഒരു ലോകാരോഗ്യദിനം കൂടി സമാഗതമായിരിക്കുന്നു. ലോകത്ത് ഇന്ന് ഉയർന്നു വരുന്ന പ്രമേഹരോഗികളുടെ അനുപാതം തീർച്ചയായും ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്.

എന്നാൽ കേരളം ഇന്ന് നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നം കാൻസർ ആണ്. കാൻസർ രോഗികളുടെ ശതമാനം ഗ്രാമങ്ങളിൽ പോലും ഭയാനകമാം വിധം ഉയർന്നു വരുന്ന സാഹചര്യമാണുളളത്. ഇതിന്റെ വേരുകൾ തേടിപ്പോയാൽ നാം എത്തിച്ചേരുന്നത്, വർദ്ധിച്ചു വരുന്ന മലിനീകരണങ്ങളും, പുകയിലയടക്കമുളള ലഹരിവസ്തുക്കളുടെ സാന്നിദ്ധ്യത്തിലുമാണ്.

സാമൂഹികാരോഗ്യത്തെക്കുറിച്ച് ബദ്ധശ്രദ്ധമാവേണ്ട സർക്കാർ അക്ഷരാർത്ഥത്തിൽ നിഃശ്ശബ്ദവും, നിഷ്ക്രിയവുമാണെന്നു തന്നെ പറയേണ്ടി വരും. നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങൾ സംസ്ഥാനത്ത് ഇന്നും സുലഭമാണ്. മാരകപ്രത്യാഘാതങ്ങളുണ്ടാക്കുന്ന പാൻ മസാല പോലെയുളള സംസ്കരിക്കപ്പെട്ടതും, മറ്റു ചേരുവകൾ അടങ്ങിയതുമായ പുകയില (processed & flavored tobacco) ഇന്നും, ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ പോലും സുലഭമാണെന്നത് മനസ്സിലാക്കാൻ തലസ്ഥാനത്ത് നൂറു മീറ്ററെങ്കിലും ‘റോഡിൽ നോക്കി‘ നടന്നാൽ മാത്രം മതി!. നിരോധിത പാൻമസാലയുടെ ഒഴിഞ്ഞ കവറുകൾ തെരുവുകളിൽ ഇന്നും സാധാരണ കാഴ്ചയാണ്. കൂടുതലും യുവസമൂഹമാണ് ഇതിന്റെ ഉപഭോക്താക്കളെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. ഇത്തരം ലഹരികളിൽ അടിപ്പെട്ടുപോകുന്നവരുടെ പുനരധിവാസത്തിനായി ഫലപ്രദമായ പദ്ധതികളൊന്നും തന്നെ സംസ്ഥാന ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യവുമല്ല. എന്തു വില കൊടുത്തും, എവിടെ ചെന്നും ഇവ സ്വന്തമാക്കുന്ന അവസ്ഥയിലേയ്ക്ക് യുവത്വം അധഃപ്പതിക്കുമ്പോൾ ഈ ദുരവസ്ഥയെ ചൂഷണം ചെയ്തു കൊണ്ട് പല മടങ്ങു വിലയ്ക്കാണ് ഈ വസ്തുക്കൾ കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെടുന്നത്.

കാൻസർ വർദ്ധിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന മറ്റൊന്നാണ് മലിനീകരണം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുമിഞ്ഞു കൂടിയ കനാലുകൾ സംസ്ഥാന തലസ്ഥാനത്തു തന്നെ നിരവധിയാണ്. പൈതൃകപ്രസക്തവും, സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ്-തീർത്ഥാടന കേന്ദ്രവുമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പരിസരങ്ങൾ പോലും ഭീതിദമാം വിധം പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നിറഞ്ഞ് ജലസാന്നിദ്ധ്യം പോലും അപ്രത്യക്ഷമായ കനാലുകൾ പ്രദേശത്ത് നിരവധിയാണ്. കാലാവസ്ഥാവ്യതിയാനത്തിനനുസൃതമായി ഈ പ്ലാസ്റ്റിക്കുകളുടെ രാസഘടനയിലുണ്ടാകുന്ന വ്യതിയാനവും, അവയിൽ നിന്നു ബഹിർഗ്ഗമിക്കുന്ന അപകടകരമായ വാതകങ്ങളെയും കുറിച്ചൊന്നും സംസാരിക്കാൻ ആഗോളതാപനവും, അസഹിഷ്ണുതാവാദവുമായി കാലക്ഷേപം ചെയ്യുന്ന രാഷ്ട്രീയ നേതാക്കന്മാർക്കു പോലും സമയമില്ല. ആവശ്യത്തിനും അനാവശ്യത്തിനും ഫ്ലക്സ് ബോർഡുകളും മറ്റുമായി മാലിന്യോത്പാദനത്തിൽ തങ്ങളുടെ പങ്കും അവർ സജീവമാക്കുന്നു.

കാർഷികാവശ്യത്തിനുപയോഗിക്കുന്ന, രാസ വളങ്ങളും, മാരക വിഷങ്ങളുമാണ് ഗ്രാമങ്ങളിൽ കൂടുതലായും കാൻസർ വിതയ്ക്കുന്നത്. മണ്ണിലൂടെയും, വായുവിലൂടെയും, ജലത്തിലൂടെയും ഇവ മനുഷ്യശരീരത്തെ കാർന്നു തിന്നുന്നു. തങ്ങൾ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അപകടഫലങ്ങളെക്കുറിച്ച് അവബോധമില്ലാത്ത കർഷകരും, ലാഭേച്ഛയാൽ ക്രമാതീതമായി ഉയരുന്ന ഇവയുടെ ഉപയോഗവും, കമ്പനികളുടെ പ്രലോഭനവും എല്ലാം ചേരുമ്പോൾ മലയാളക്കരയുടെ മണ്ണിൽ, രോഗികളുടെ എണ്ണം ഏകദേശം ജനസംഖ്യയുടെ അതേ അനുപാതത്തിലെത്തുന്ന സമയം വിദൂരമല്ലെന്നു വേണം അനുമാനിക്കാൻ.

മലയാളി ശ്രദ്ധിക്കാതെ പോകുന്ന മറ്റൊന്നാണ്, നിത്യജീവിതത്തിൽ നമ്മുടെയുള്ളിൽ ഔഷധങ്ങളുടെ രൂപത്തിൽ കടന്നു കയറുന്ന രാസവസ്തുക്കൾ. ഒരു ജലദോഷം വന്നാൽ പോലും അളവില്ലാതെയും, ഒരു വിദഗ്ദ്ധന്റെ മേൽനോട്ടം പോലുമില്ലാതെ നാം അകത്താക്കുന്ന മരുന്നിന്റെ അളവ് വളരെ കൂടുതലാണ്. യാതൊരു നിയന്ത്രണവുമില്ലാതെ, ലഹരിവസ്തുവായിക്കൂടി ഉപയോഗിക്കാവുന്ന, ഡോക്ടറുടെ നിർദ്ദേശമുണ്ടെങ്കിൽ മാത്രം നൽകാൻ നിയമനിഷ്കർഷയുളള വിഷാദരോഗമടക്കമുള്ള മാനസികപ്രശ്നങ്ങൾക്കു വരെ നൽകപ്പെടുന്ന മരുന്നുകൾ പോലും യാതൊരു മാനദണ്ഡവുമില്ലാതെ പല മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്നു. ഇവകളുടെ പ്രവർത്തനങ്ങൾ; കരൾ, വൃക്ക, പാൻക്രിയാസ് തുടങ്ങിയ പല ആന്തരാവയവങ്ങളെയും നേരിട്ടു തകരാറിലാക്കുന്നതാണ്. ഇവകളുടെ കൂടെ മദ്യത്തിന്റെ സാന്നിദ്ധ്യം കൂടിയാകുമ്പോൾ പ്രവചനാതീതമായ തകർച്ചയിലേക്ക് ആരോഗ്യം കൂപ്പുകുത്തുകയാണ്.

ജീവിതശൈലിയും, ജൈവ-രാസ മാലിന്യങ്ങളും നിയന്ത്രിച്ച് ഒരൽപം ശ്രദ്ധ പരിസ്ഥിതിക്കും, അവനവനു തന്നെയും നൽകാൻ വിമുഖത കാട്ടിയാൽ, കേവലമൊരു ‘ദിനം‘ ആയി മാത്രം ആചരിക്കപ്പെടുന്ന ലോകാരോഗ്യം എന്ന സമസ്യയ്ക്ക് യാതൊരു അർത്ഥവുമില്ലാതെയാകും. ഇവിടെ സർക്കാർ മാത്രമല്ല, ഓരോ വ്യക്തിയും ജാഗരൂകരാവേണ്ടിയിരിക്കുന്നു. ഒരു ദിനമല്ല, ഒരു മനുഷ്യായുസ്സിലെ ഓരോ ദിവസവും നാം നമ്മുടെയും, സമൂഹത്തിന്റെയും ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നേ മതിയാകൂ…

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close