ന്യൂഡൽഹി: രോഗികൾക്ക് ആശ്വാസമായി നൂറിലേറെ ജീവൻ രക്ഷാമരുന്നുകളുടെ വില കേന്ദ്ര മരുന്നു വില നിയന്ത്രണ സമിതി വെട്ടിക്കുറച്ചു. ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി. ഹൃദ്രോഗം, കരൾ രോഗങ്ങൾ തുടങ്ങിയവയ്ക്കുളള ആന്റി ബയോടിക്കുകൾ അടക്കമുളള മരുന്നുകളുടെ വിലയാണ് കുറയുന്നത്.
ശസ്ത്രക്രിയയോടനുബന്ധിച്ചും, അല്ലാതെയും ഉപയോഗിക്കുന്ന അണുബാധാനിയന്ത്രണ, ആന്റി ഫംഗൽ മരുന്നുകളും പട്ടികയിൽ ഉൾപ്പെടുന്നു. വേദനാസംഹാരികളുടെയും, വിറ്റാമിൻ മരുന്നുകളുടെയും വിലയും കുറയും. ഇത് രാജ്യത്തെ കോടിക്കണക്കിനു വരുന്ന ജനങ്ങൾക്ക് ആശ്വാസകരമാണ്.
നാണയപ്പെരുപ്പം കുറഞ്ഞതിനേത്തുടർന്നാണ് ഈ വില പുനർനിർണ്ണയം സാദ്ധ്യമായത്. ഇനി മുതൽ ചില്ലറ വിൽപനശാലകളിലെ പഴയ സ്റ്റോക്കുകൾക്കും പുതുക്കിയ, കുറഞ്ഞ വില നൽകിയാൽ മതിയാകും. ഇതിൽ റീടെയിലേഴ്സിനുണ്ടാവുന്ന അധിക സാമ്പത്തിക ബാദ്ധ്യത മരുന്നു കമ്പനികൾ നികത്തും.