കോട്ടയം: തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ച കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കുറി ചങ്ങനാശ്ശേരിയില്‍ നേര്‍ക്കുനേര്‍ എത്തുകയാണ്. നിലവിലെ എംഎല്‍എയായ സി. എഫ്. തോമസിനെതിരെ മത്സരിക്കുന്നത് പാര്‍ട്ടി പിളര്‍ന്ന് ഇടത് പാളയത്തിലെത്തിയ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. സി. ജോസഫാണ്. ഇരു കൂട്ടര്‍ക്കും ഇത് അഭമാനപ്പോരാട്ടംകൂടിയാണ്.
കേരള കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്മാന് സി എഫ് തോമസും, ജോസഫ് ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്‍മാനും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗവുമായിരുന്ന ഡോ കെ സി ജോസഫും നേര്‍ക്കുനേര്‍. കേരളകോണ്‍ഗ്രസ് പിളര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിട്ടാണ് കെ സി ജോസഫ് മത്സരരംഗത്തുള്ളത്.
1980 മുതല്‍ തുടര്‍ച്ചയായി വിജയിക്കുന്ന സി. എഫ്. തോമസിന് വെല്ലുവിളി ഉയര്‍ത്തിയാണ് ഡോ. കെ.സി. ജോസഫ് പ്രചാരണവുമായി മുന്നോട്ട് പോകുന്നത്. തുടര്‍ച്ചയായി എട്ടു തവണ എംഎല്‍എ ആയതിന്റെ ആത്മവിശ്വാസത്തിലാണ് സി എഫ് തോമസ്. എന്നാല്‍, ചങ്ങനാശ്ശേരിയില്‍ കന്നിയങ്കമാണെങ്കിലും പഴയ കുട്ടനാട് എംഎല്‍എ കെ സി ജോസഫിന് ചങ്ങനാശ്ശേരിയിലുള്ള ബന്ധം സി.എഫ്. തോമസിന് തലവേദനയാവുകയാണ്.
കുട്ടനാട്ടില്‍ തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചതിന്റെ കരുത്തിലാണ് കെ. സി. ജോസഫ്. പഴയ കേരളകോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നടക്കുന്ന അഭിമാനപ്പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇരു മുന്നണികളും.