പ്രശസ്ത പോപ് ഗായകൻ പ്രിൻസിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മിനസോട്ടയിലെ വസതിയിലെ ലിഫ്റ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നുപതിറ്റാണ്ടായി പോപ്പ്, റോക്ക് സംഗീത രംഗത്തെ നിറസാന്നിദ്ധ്യമായ പ്രിൻസ് റോജർ നെൽസൺന്റെ ദുരൂഹ മരണത്തിന്റെ ഞെട്ടലിലാണ് ആദ്ദേഹത്തിന്റെ ലോകമെമ്പാടുമുളള ആരാധകവൃന്ദം. പ്രിയ ഗായകന്റെ വിയോഗ വാർത്തയറിഞ്ഞ് നൂറുകണക്കിന് ആരാധകരാണ് മിനസോട്ടയിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയത്.
പ്രാദേശിക സമയം രാവിലെ 9.43ന് വൈദ്യസഹായം അഭ്യർത്ഥിച്ച് പ്രിന്‍സിന്റെ വീട്ടിൽ നിന്ന് എമർജന്‍സി നമ്പരിലേക്ക് കോൾ പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 10.07ന് മരണം സംഭവിച്ചതായി കാർവർ കൗണ്ടി ഷെരിഫ് ജിം ഓൽസൺ അറിയിച്ചു. അസുഖത്തെ തുടർന്ന ഒരാഴ്ചയായി പ്രിൻസ് ആശുപത്രിയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
1958ൽ ജനിച്ച പ്രിൻസ് ചെറുപ്രായത്തിൽ തന്നെ സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു. ഗായകൻ, ഗാനരചയിതാവ് , ഉപകരണ സംഗീതജ്ഞൻ, നിർമ്മാതാവ് ,അഭിനേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ കൈയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിനായി.
LET’S GO CRAZY, WHEN DOVES CRY, PURPLE RAIN എന്നിവ പ്രിൻസിന്റെ പ്രശസ്ത ആൽബങ്ങളാണ്.
പർപ്പിൾ റെയിനിന് മികച്ച സംഗീതത്തിനുളള 1984ലെ ഓസ്കർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.