NewsSpecial

സാം‌‌കുട്ടിമാർ സൃഷ്ടിക്കപ്പെടുന്നതെങ്ങനെ?

കഴിഞ്ഞ ദിവസം വെളളറട വില്ലേജോഫീസിനു തീയിട്ട സംഭവത്തിലെ പ്രതിയാണ് സാം‌കുട്ടി. എന്നാൽ സാം‌കുട്ടിയുടെ കുമ്പസാരം പ്രതിക്കൂട്ടിലാക്കുന്നത് ഇന്നാട്ടിലെ വ്യവസ്ഥിതിയെയും, ഉദ്യോഗസ്ഥ-ഭരണാധിപന്മാരെയുമാണ്. കുടുംബവിഹിതമായി തനിക്കും സഹോദരങ്ങൾക്കും ലഭിച്ച ഭൂമി പോക്കുവരവ് ചെയ്യാൻ വർഷങ്ങളാണ് സാം‌കുട്ടി ഓഫീസുകൾ കയറിയിറങ്ങിയത്. ഭൂമി പോക്കുവരവു ചെയ്യാത്തതിനാൽ, വായ്പയെടുക്കാനോ, വീടു പണിയാനോ നിവൃത്തിയില്ലാതെ കഴിയുന്നു. ഇവിടെ നാം ഓർക്കേണ്ടത്, 25ലക്ഷത്തിലേറെ ഭവനരഹിതർ ഉളള   കേരളത്തിൽ, സ്വന്തമായി ഭൂമിയുളളവർക്ക്, സ്വന്തം ചിലവിൽ വീടു നിർമ്മിക്കാൻ പോലും, തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർ എന്ന ക്രിമിനൽ ന്യൂനപക്ഷത്തെയാണ്. ഇത്തരം എത്ര സാം‌കുട്ടിമാർ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് സ്വാതന്ത്ര്യാനന്തരം?

ഉദ്യോഗസ്ഥവൃന്ദങ്ങളുടെ അഴിമതിയും ദുർഭരണവും രാജഭരണകാലം മുതൽ തുടങ്ങിയതാണ്. എന്നാൽ, ജനാധിപത്യവ്യവസ്ഥ നിലവിൽ വന്നതിനു ശേഷം സ്ഥിതി കൂടുതൽ വഷളാവുക മാത്രമാണ് ചെയ്തത്. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ നിയമവും, അന്വേഷണ ഏജൻസികളും നിലവിലുണ്ടെങ്കിലും, അവയെ നിയന്ത്രിക്കേണ്ട സർക്കാർ തന്നെ അഴിമതിയിൽ കുളിച്ചു നിൽക്കുന്ന അവസ്ഥ. നേതാക്കൾ കോടികളുടെ പിറകേ പായുമ്പോൾ കൈക്കൂലിയും, സ്വജനപക്ഷപാതവും, അഴിമതിയുമായി ഭരണവ്യവസ്ഥയിലെ വലിയൊരു ശതമാനം ഉദ്യോഗസ്ഥരും ജനങ്ങളെ വലയ്ക്കുന്ന ദുഃസ്ഥിതി പ്രബുദ്ധകേരളത്തിന് അപമാനമാണ്.

അശരണർക്ക് ആശ്രയമായ സർക്കാർ ആശുപത്രികളിൽ പോലും കൈക്കൂലിയും, ഉദാസീനതയും പ്രസിദ്ധമാണ്. ഹാജർ രേഖപ്പെടുത്തിയ ശേഷം ഡോക്ടർമാർ സ്ഥലം കാലിയാക്കുന്ന സംഭവങ്ങൾ വരെ നിരവധി. പലപ്പോഴും പരാതികളും പ്രതികരണങ്ങളും വനരോദനങ്ങളാകുന്നു. പരാതി കേൾക്കേണ്ടവർ ഉദാസീനരും, പക്ഷപാതികളുമാകുമ്പോൾ, ജനങ്ങളോടൊപ്പം നിൽക്കാൻ ആരെന്ന ചോദ്യം മാത്രം അവശേഷിക്കുകയാണ്.

അത്യാവശ്യരേഖകൾക്കായി ഓഫീസുകളിൽ കയറിച്ചെല്ലുന്ന പൊതുജനങ്ങളോട് ഒരു ദാക്ഷിണ്യവും കാണിക്കാറില്ല മിക്ക ഉദ്യോഗസ്ഥരും. പലപ്പോഴും ജനന-മരണസർട്ടിഫിക്കറ്റുകൾ പോലും പണം കൊടുത്താൽ മാത്രം കിട്ടുമെന്ന ദുഃസ്ഥിതിയിൽ നിന്നും വലയുന്ന ജനതയിൽ ചിലരെങ്കിലും ഇത്തരം അക്രമപ്രവർത്തനങ്ങളിലേയ്ക്കു വീണു പോയാൽ, മാനുഷികമോ, ധാർമ്മികമോ, മനഃശ്ശാസ്ത്രപരമോ ആയ തലങ്ങളിൽ നിന്നുകൊണ്ട് അവരെ കുറ്റപ്പെടുത്താൻ കഴിയുമോ? നിയമത്തിന്റെ കണ്ണിൽ സാം‌കുട്ടി കുറ്റവാളി തന്നെയെങ്കിലും, നിവൃത്തികേടിന്റെ അക്രമരൂപത്തെ എങ്ങനെ നോക്കിക്കാണണം നമ്മൾ? ഇവിടെ യഥാർഥ പ്രതി ആരാണ്? സാം‌കുട്ടിയോ, വ്യവസ്ഥിതിയോ?

സാം‌കുട്ടി ഒരു പ്രതീകമാണ്. വികലവും, ഉദാസീനവുമായ ഒരു ഭരണ വ്യവസ്ഥയുടെ മുന്നിൽ പകച്ചു നിൽക്കുന്ന സമൂഹത്തിന്റെ പ്രതീകം. സാം‌കുട്ടി ഒരു ചോദ്യമാണ്, എന്തുകൊണ്ട് സാം‌കുട്ടിമാർ സൃഷ്ടിക്കപ്പെടുന്നു എന്ന; ഇവിടെ നിയമവും ഭരണവും കയ്യാളുന്നവർ കൃത്യമായും ഉത്തരം നൽകേണ്ട ചോദ്യം. ചിലപ്പോഴെങ്കിലും, ചിലർക്കെങ്കിലും സാം‌കുട്ടി ഉത്തരവുമാകുന്നു. അഴിമതിക്കു മുന്നിൽ ഗതികെടുന്ന സമൂഹത്തിൽ ചിലരെങ്കിലും കാതോർത്തേക്കാവുന്ന അപകടകരമായ ഉത്തരം. തീർച്ചയായും തിരുത്തപ്പെടേണ്ട ഉത്തരം.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close