NewsSpecial

തെരഞ്ഞെടുപ്പിൽ കൊട്ടിക്കയറി നവമാദ്ധ്യമങ്ങളും

നവമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ ഏറ്റവുമധികം വിനിയോഗിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പാകും ഇത്തവണ സംസ്ഥാനത്ത് നടക്കുക. ഫേസ് ബുക്ക്, ട്വിറ്റർ, വാട്ട്‌സ് ആപ്പ് തുടങ്ങിയ മാദ്ധ്യമങ്ങൾ വഴി തുടർന്നു വരുന്ന പ്രചാരണവും, വിലയിരുത്തലുകളും ഈ തെരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവുമടക്കമുളളവർ നവമാദ്ധ്യമങ്ങളുടെ സാദ്ധ്യത തിരിച്ചറിഞ്ഞ് സജീവമായി തന്നെ രംഗത്തുണ്ട്. ആരോപണങ്ങളും, പ്രത്യാരോപണങ്ങളും, അവകാശവാദങ്ങളുമെല്ലാം പൊതു സമൂഹത്തിലെന്ന പോലെ, ഒരു പക്ഷേ പൊതു സമൂഹത്തിലുളളതിനേക്കാളുപരി വിർച്വൽ ലോകത്ത് സജീവമാണ്.

സംസ്ഥാനത്തിനകത്തുളളവരോടൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള   ജനങ്ങളുടെ പങ്കാളിത്തം കൂടിയാകുന്നതോടെ വിധിനിർണ്ണയത്തിൽ വളരെ വലിയ സ്ഥാനം കയ്യടക്കിക്കഴിഞ്ഞു ഫേസ് ബുക്ക് പോലെയുളള   മാദ്ധ്യമങ്ങൾ.

ഹാഷ് ടാഗുകളും, ലൈക്ക് പേജുകളും തുടങ്ങി ആശയവിനിമയത്തിന്റെ എല്ലാ സാദ്ധ്യതകളും പയറ്റിയാണ് എല്ലാ രാഷ്ട്രീയകക്ഷികളും സോഷ്യൽ മീഡിയയിൽ അങ്കം വെട്ടുന്നത്.

അവഹേളനങ്ങളും, അപവാദപ്രചാരണങ്ങളും ഒട്ടും കുറവല്ല ഇവിടെ. നവീന സാങ്കേതികവിദ്യകളോട് എന്നും മുഖം തിരിച്ചിട്ടുളള   ഇടതുപക്ഷം ഇക്കുറി വളരെ ആവേശത്തോടെയാണ് ഫേസ് ബുക്ക് പോലെയുളള   മാദ്ധ്യമങ്ങളെ സമീപിച്ചിരിക്കുന്നത്. യു.ഡി.എഫ് ആകട്ടെ തങ്ങൾക്കു നേരേ ഉയർന്ന വൻ അഴിമതികളെപ്പോലും നേരിടാൻ ഫേസ് ബുക്കും, ട്വിറ്ററും ഉപയോഗിക്കുന്നു.

പൊതുവേ കാണുന്ന കാഴ്ച്ചകളിൽ, വ്യക്ത്യധിഷ്ഠിത അധിക്ഷേപങ്ങളിലും, ജാതി, മതം, നിറം തുടങ്ങിയ സമസ്യകളിലുമൂന്നി തരം താണ പ്രചാരണതന്ത്രങ്ങൾ ഇടതും വലതും പയറ്റിയപ്പോൾ, ഉറച്ച നിലപാടുകളും, അടിസ്ഥാനമുളള   ആരോപണങ്ങളുമായാണ് എൻ.ഡി.എ പ്രചാരണരംഗത്തുള്ളത്. സുശക്തമായ ഐ.ടി നെറ്റ് വർക്ക് നിലവിലുളള   ഭാരതീയ ജനതാപാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അങ്ങേയറ്റം മാന്യവും, വസ്തുതകളിലൂന്നിയുമുളളതായിരുന്നു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ നിറവും, സ്ഥാനാർത്ഥികളുടെ മതവുമൊക്കെ ഇടതിനും വലതിനും ആയുധമായപ്പോൾ, ഈ പാർട്ടികൾ തമ്മിലുളള   അവിശുദ്ധബന്ധവും, അക്രമരാഷ്ട്രീയവും, വമ്പൻ അഴിമതികളുമൊക്കെയായി എൻ.ഡി.എ യുടെ പ്രചാരണം ഗൗരവതരമായി മുന്നേറിയെന്നതും ശ്രദ്ധേയമാണ്. ഇത് രാഷ്ട്രീയത്തെ ഗൗരവമായി നോക്കിക്കാണുന്ന ഒരു വലിയ സമൂഹത്തിൽ പ്രതീക്ഷാവഹമായ അനുരണനങ്ങൾ ഉണ്ടാക്കിയിട്ടുളളതായും വിലയിരുത്തപ്പെടുന്നു.

സ്ഥിതിഗതികൾ എങ്ങനെയായിരുന്നാലും, വോട്ടെടുപ്പിന് കേവലം മണിക്കൂറുകൾ മാത്രം അവശേഷിക്കുന്ന ഈ സമയം നവ മാദ്ധ്യമങ്ങളും ഉദ്വേഗത്തിന്റെ പിരിമുറുക്കത്തിലാണ്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close