ഇടുക്കി: ഉടുമ്പൻ ചോലയിൽ സി.പി.എം അക്രമികൾ പാമ്പാടും പാറ പഞ്ചായത്തിലെ തേർഡ് ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന എൻ.ഡി.എ ഓഫീസ് അടിച്ചു തകർത്തു. എൻ.ഡി.എ ഓഫീസിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് എൻ.ഡി.എ ജില്ലാ ചെയർമാൻ ബിനു.ജെ.കൈമൾ അറിയിച്ചു.
ഇന്നലെ ഉച്ച മുതൽ ഇവിടം സംഘർഷാന്തരീക്ഷമായിരുന്നു. ഇവിടുത്തെ സ്ഥാനാർത്ഥിയായ എം.എം മണിയുടെ നേതൃത്വത്തിൽ തമിഴ് വോട്ടർമാരെ മണ്ഡലത്തിലെത്തിക്കാൻ ശ്രമിച്ചത് വ്യാപകമായ പരാതിയേത്തുടർന്ന് പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്ന് എം.എം മണിയുടെ നേതൃത്വത്തിൽ ഇവിടേയ്ക്കു ബലമായി വാഹനങ്ങൾ കടത്തി വിട്ടിരുന്നു.
അഞ്ചേരി ബേബി വധക്കേസിലെ പ്രതിയാണ് എം.എം മണി. ഇവിടുത്തെ എൻ.ഡി.എയുടെ ശക്തമായ സാന്നിദ്ധ്യമാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സി.പി.എം ഏരിയാ കമ്മറ്റിയംഗം രമേശ്കൃഷ്ണന്റെ നേതൃത്വത്തിലുളള അക്രമിസംഘമാണ് വ്യാപകമായ അക്രമം അഴിച്ചു വിട്ടത്. സംഭവമറിഞ്ഞ് പൊലീസും കേന്ദ്രസേനയും സ്ഥലത്തെത്തി.